ദില്ലി: അദാനി ഹിൻഡൻബെർഗ് കേസുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര്യ അന്വേഷണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി.
കേസിൽ അന്തിമവാദം കേൾക്കുന്നതിനിടെ അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ സെബിയുടെയും വിദഗ്ധസമിതിയുടെയും അന്വേഷണങ്ങള സംശയിക്കാനുള്ള തെളിവുകളില്ലെന്ന് സുപ്രീംകോടതി നീരീക്ഷണം നടത്തിയിരുന്നു. കേസിലെ കോടതി വിധി കേന്ദ്രത്തിനും അദാനി ഗ്രൂപ്പിനും നിർണായകമാണ്. ഹർജികളുടെ അടിസ്ഥാനത്തിൽ എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാൻ സെബിയോടും ഓഹരി വിപണിയിലെ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. സെബിയുടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്തതിനെതിരെ കോടതിയലക്ഷ്യ ഹർജിയും സുപ്രീംകോടതിക്ക് മുന്നിൽ എത്തിയിരുന്നു.