തൊടുപുഴ : മന്ത്രി മുഹമ്മദ് റിയാസിനെതിരേ സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തിൽ വിമർശനം. ഇടുക്കി ജില്ലക്ക് സമ്പൂർണ അവഗണനയാണെന്ന് ആരോപിച്ചാണ് പ്രതിനിധികൾ മന്ത്രിക്കെതിരെ രംഗത്തുവന്നത്. മലബാർ മന്ത്രി എന്ന് അദ്ദേഹത്തിനെതിരേ സമ്മേളനത്തിൽ പരിഹാസമുയർന്നു. ടൂറിസം, റോഡ് പദ്ധതികൾ മലബാർ മേഖലയ്ക്ക് മാത്രമായാണ് മന്ത്രി പരിഗണിയ്ക്കുന്നതെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രാധാന്യമുള്ള ജില്ലയായ ഇടുക്കിക്ക് അതനുസരിച്ചുള്ള പരിഗണന ലഭിച്ചില്ലെന്ന വിമർശനമാണ് ഉയർന്നത്. ഇടുക്കി ജില്ലയെ പൂർണമായി അവഗണിച്ചുവെന്നും ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എന്നാൽ, വിനോദസഞ്ചാര മേഖലയിൽ ഇടുക്കിക്ക് അർഹമായ പരിഗണന നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനങ്ങൾക്ക് മറുപടി നൽകി.
നേരത്തെ ആഭ്യന്തര വകുപ്പിന് എതിരെയും ജില്ലാ സമ്മേളത്തിൽ വിമർശനം ഉയർന്നിരുന്നു. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനു മാത്രമായി മന്ത്രി വേണമെന്ന് സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. പോലീസിൻറെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകൾ അക്കമിട്ടുനിരത്തിയാണ് പ്രതിനിധികൾ ഈ ആവശ്യമുന്നയിച്ചത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ചില ഉദ്യോഗസ്ഥർ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ്. അവർക്ക് നാടുനന്നാകണമെന്ന ആഗ്രഹമില്ലെന്നും പ്രതിനിധികൾ പറഞ്ഞു. പോലിസിൻറെ വീഴ്ചകൾ സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ തുറന്നു സമ്മതിച്ചിരുന്നു. പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തവർ പോലീസിൻറെ ഇടക്കാല പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ വികാരത്തെ മാനിക്കുന്നതായും വകുപ്പിലെ വിഷയം മുഖ്യമന്ത്രിയുമായി അടിയന്തരമായി ചർച്ചചെയ്ത് പരിഹാരം കണ്ടെത്തുമെന്നും സംസ്ഥാന സെക്രട്ടറി പ്രവർത്തകർക്ക് ഉറപ്പുനൽകി.