കളിക്കുന്നതിനിടയിൽ അഴിമുഖത്തെ ജലാശയത്തിൽ വീണ് കാണാതായ നാലു വയസ്സുകാരന്റെ മൃതദേഹം തിരികെ എത്തിച്ചത് മുതല. ഇന്തോനേഷ്യയിലെ ജാവ അഴിമുഖത്തിന് സമീപത്ത് വച്ചാണ് നാലു വയസ്സുകാരൻ കളിക്കുന്നതിനിടയിൽ ജലാശയത്തിലേക്ക് വീണത്. തുടർന്ന് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.
പക്ഷേ, കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ ആകാതെ നിരാശയോടെ തിരച്ചിൽ അവസാനിപ്പിക്കാൻ ഇരിക്കെയാണ് ഒരു മുതല കുട്ടിയുടെ മൃതദേഹം പുറത്തു വഹിച്ചുകൊണ്ട് ജലാശയത്തിനുള്ളിലൂടെ വരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മുതല സുരക്ഷാ ഉദ്യോഗസ്ഥരുടെ ബോട്ടിന് സമീപത്തെത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം വെള്ളത്തിലേക്ക് ഇടുകയും മടങ്ങി പോവുകയുമായിരുന്നു. ഉടൻതന്നെ ഉദ്യോഗസ്ഥർ മൃതദേഹം വെള്ളത്തിൽ നിന്നും കരയ്ക്കെടുത്തു.
മുഹമ്മദ് സിയാദ് എന്ന നാലു വയസ്സുകാരനാണ് അപകടത്തിൽപ്പെട്ടത്. ഈസ്റ്റ് കലിമന്റൺ സേർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു പ്രദേശത്ത് രണ്ടുദിവസമായി തിരച്ചിൽ നടത്തിവന്നിരുന്നത്. എന്നാൽ, കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ ഏവരും നിരാശയിൽ ആയിരുന്നു. അപ്പോഴാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് മുതല മൃതദേഹവുമായി ജലാശയത്തിനുള്ളിലൂടെ വന്നത്. കുട്ടിയുടെ മൃതദേഹത്തിൽ എവിടെയും മുറിവുകൾ ഇല്ലെന്നും അവയവങ്ങൾ നഷ്ടപ്പെട്ടിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. കുട്ടി വീണതിന് ഒരു മൈൽ ദൂരെ നിന്നുമാണ് മുതല മൃതദേഹവുമായി വന്നത്.
ഈ പ്രദേശത്ത് ധാരാളം മുതലകൾ ഉണ്ടായിരുന്നതിനാൽ രണ്ടുദിവസമായി മൃതദേഹം കണ്ടെത്താൻ സാധിക്കാതെ വന്നപ്പോൾ കുഞ്ഞിനെ മുതല പിടിച്ചതായിരിക്കാം എന്ന ഊഹത്തിൽ എത്തിയിരുന്നു അധികൃതർ. അപ്പോഴാണ് ഏറെ അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്. കുഞ്ഞിൻറെ മൃതദേഹം പുറത്തുവച്ചുകൊണ്ട് മുതല സുരക്ഷാ ഉദ്യോഗസ്ഥരുടെ ബോട്ടിന് സമീപത്തേക്ക് വരുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ജലജീവികളിൽ ഏറ്റവും അപകടകാരികളാണ് മുതലകൾ എന്ന് പറയുമ്പോൾ തന്നെ ഇത്തരത്തിൽ ഒരു സംഭവം നടന്നത് എല്ലാവരെയും അമ്പരപ്പിക്കുകയാണ്.