റിയാദ്: സൗദി അറേബ്യയില്‍ ജിദ്ദ നഗര വികസനത്തിനായി ചേരികള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ കെട്ടിടങ്ങളിലെ താമസക്കാരായ കുടുംബങ്ങൾക്ക് പുതിയ സ്ഥലത്ത് താമസിക്കാനുള്ള വാടകയായി നല്‍കിയത് വൻ തുക. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ട 18,000 കുടുംബങ്ങൾക്ക് വേണ്ടി 3.74 കോടി റിയാലാണ് വിതരണം ചെയ്തത്.
2021 ഒക്ടോബറിൽ പൊളിക്കൽ നടപടി തുടങ്ങിയത് മുതൽ ഇതുവരെ വിതരണം ചെയ്ത തുകയാണിത്. 17,900ത്തില്‍ അധികം കുടുംബങ്ങൾക്ക് വാടക നൽകുന്നതിലൂടെ പ്രയോജനം ലഭിച്ചതായും ശാക്തീകരണ പരിപാടികളിലൂടെ സാമൂഹിക സുരക്ഷയിൽ രജിസ്റ്റർ ചെയ്ത പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 269 പേർക്ക് ജോലി നൽകാനും സാധിച്ചതായി കമ്മിറ്റി സൂചിപ്പിച്ചു.
കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പ്രദേശങ്ങളിലെ പൗരന്മാർക്ക് താത്കാലിക പാർപ്പിടം, ഭക്ഷണ പദാർഥങ്ങൾ, ജലവിതരണം, ഭക്ഷണം, മരുന്നുകൾ എന്നിവർക്ക് പുറമേ, ശിശുപരിപാലനം, സാധനങ്ങൾ മാറ്റൽ തുടങ്ങിയ സൗജന്യ സേവനങ്ങളും നല്‍കിപ്പോരുന്നതായി കമ്മിറ്റി കൂട്ടിച്ചേർത്തു.