കോഴിക്കോട് : വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെ.എസ്.ഇ.ബിക്ക് പിരിഞ്ഞ് കിട്ടാനുള്ളത് 2310.70 കോടി രൂപയെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. വൈദ്യുതി കുടിശ്ശിക ഇനത്തിൽ പലിശ ഒഴികെ 2024 മാർച്ച് 31 -ലെ ത്രൈമാസ റിപ്പോർട്ട് പ്രകാരം പിരിഞ്ഞുകിട്ടാനുള്ള തുകയാണിത്. ഓഡിറ്റ് ചെയ്യപ്പെടാത്ത കണക്കുകൾ പ്രകാരമാണിത്.
കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ്, 2014 ന്റെ 136 (അഞ്ച്) ചട്ട പ്രകാരം ദീർഘകാല കുടിശികകൾക്ക് ഒറ്റത്തവണ പദ്ധതി തീർപ്പാക്കൽ (ഒ.ടി.എസ്) ലൈസൻസി രൂപീകരിക്കേണ്ടതാണ്. അത് കമീഷൻ മുൻകൂർ നടപ്പിലാക്കേണ്ടതാണെന്നും അനുമതിയോടുകൂടി നിഷ്കർഷിച്ചിരുന്നു.
കെ.എസ്.ഇ.ബി ലിമിറ്റഡ് സംസ്ഥാന റെഗുലേറ്ററി കമീഷന്റെ അംഗീകാരത്തോടുകൂടി 2023 ജൂലൈ 20 മുതൽ ഡിസംബർ 30 വരെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശയിൽ വലിയ തോതിലുള്ള ഇളവുകൾ നൽകി നടപ്പിലാക്കിയിരുന്നു. ഈ പദ്ധതി കമീഷന്റെ അംഗീകാരത്തോടു കൂടി സർക്കാർ ഉപഭോക്താക്കൾക്കും അർഹതയുള്ള മറ്റ് ഉപഭോക്താക്കൾക്കും 2024 മാർച്ച് 31 വരെ നൽകിയിരുന്നു.
സപ്ലൈ കോഡ് ചട്ടങ്ങൾ അനുസരിച്ച് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, കുറഞ്ഞ കാലയളവിലേക്ക് മാത്രമേ നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിന് പ്രത്യേക സ്കീമുകൾ ഒന്നും തന്നെ നിലവിൽ കെ.എസ്.ഇ.ബിയുടെ പരിഗണനയിൽ ഇല്ലെന്നും മന്ത്രി രേഖാമൂലം അറിയിച്ചു.