എറണാകുളം: ഓൺലൈനിലൂടെയുള്ള പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ട് പേർ കൂടി എറണാകുളം സൈബർ പോലീസിന്‍റെ പിടിയിൽ. തമിഴ്നാട് സ്വദേശി രാജേഷ്, ബെംഗളുരു സ്വദേശി ചക്രധാർ എന്നിവരെയാണ് ബംഗളുരുവിൽ നിന്ന് പോലീസ് പിടികൂടിയത്. പറവൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഓൺലൈൻ ടാസ്ക്ക് വഴിയാണ് പറവൂർ സ്വദേശികൾക്ക് പണം നഷ്ടമായത്. പാർട്ട് ടൈം ജോബിന്‍റെ ഭാഗമായി യൂ ട്യൂബ് ലൈക്ക് ചെയ്താൽ വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാൽ വൻ തുക തിരികെ കിട്ടും. എന്നിങ്ങനെയായിരുന്നു വാഗ്ദാനം.
ആദ്യഘട്ടം എന്ന നിലയിൽ ചെറിയ തുകകൾ തട്ടിപ്പുസംഘം പ്രതിഫലമായും ലാഭമായും കൈമാറുമായിരുന്നു. തുടർന്ന് വിശ്വാസം ജനിപ്പിച്ച ശേഷം വലിയ തുകകൾ നിക്ഷേപിപ്പിക്കും. ഇതിന്‍റെ ലാഭം തിരികെ ലഭിക്കുന്നതിനായി ജി.എസ്.ടി, മറ്റ് നികുതികൾ എന്നിങ്ങനെ കൂടുതൽ തുകകൾ വാങ്ങി കബളിപ്പിക്കുകയാണ് ചെയ്തിരുന്നത്. പറവൂർ സ്വദേശി സ്‍മിജയിൽ നിന്ന് ഏഴ് ലക്ഷം രൂപയും, ബിനോയിയിൽ നിന്ന് 11 ലക്ഷം രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്.
സാധാരണക്കാരെക്കൊണ്ട് തന്നെ പ്രതി മനോജ് ആദ്യം കറൻറ് അക്കൗണ്ട് എടുപ്പിക്കും. ഈ അക്കൗണ്ട് ഇവരറിയാതെ കൈകാര്യം ചെയ്യുന്നത് മനോജും സംഘവും തന്നെയായിരിക്കും എന്നുമാത്രം. പിടിക്കപ്പെട്ടാൽ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് സംഘം ഇങ്ങനെ ചെയ്യുന്നത്. ഒരു ദിവസം ആയിരത്തിലേറെ പണമിടപാട് ഒരു അക്കൗണ്ട് വഴി മാത്രം നടന്നിട്ടുണ്ട്.
ദുബൈയിൽ ജോലി ചെയ്യുന്ന കെവിൻ, ജെയ്സൻ എന്നിങ്ങനെ രണ്ടു പേരെ സമൂഹ മാധ്യമം വഴി പരിചയപ്പെട്ടുവെന്നും, അവർ പങ്കാളികളായിട്ടാണ് തട്ടിപ്പ് ആരംഭിച്ചതെന്നുമാണ് പ്രതികൾ നൽകിയ മൊഴി. എന്നാൽ പോലീസിന്‍റെ അന്വേഷണത്തിൽ ഈ പേരുകളും അക്കൗണ്ടും വ്യാജമാണെന്നും അക്കൗണ്ടുകൾ ചൈനയിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും കണ്ടെത്തി.
അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്. അറസ്റ്റിലായ രാജേഷിന്‍റെ അക്കൗണ്ട് വഴി രണ്ട് ദിവസം കൊണ്ട് മാത്രം പത്ത് കോടിയിലേറെ രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. ബംഗലുരു സ്വദേശി മനോജ് ശ്രീനിവാസ് എന്നയാൾ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് അന്വേഷണം.