ദില്ലി: ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന വിലയിൽ ക്രൂഡ് ഓയിൽ. ലിബിയൻ ഉൽപ്പാദനവും കയറ്റുമതിയും സംബന്ധിച്ച തർക്കം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് വില താഴ്ന്നത്. അഞ്ച് ശതമാനം ഇടിഞ്ഞ് ഒമ്പത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ചൈനീസ് സാമ്പത്തിക രംഗത്തെ തളർച്ചയും വില കുറയാൻ കാരണമായെന്നാണ് വിലയിരുത്തൽ. ബ്രെൻ്റ് ക്രൂഡ് 3.51 ഡോളർ ഇടിഞ്ഞ് ബാരലിന് 74.02 ഡോളറിലെത്തി. ആഗോളമാർക്കറ്റിൽ ബാരലിന് 74 ഡോളറിന് താഴെയായി. യുഎസ് വെസ്റ്റ് ടെക്‌സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ 2.97 ഡോളർ കുറഞ്ഞ് 70.58 ഡോളറിലെത്തി. ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ക്രൂഡ് ഓയിൽ വില അസ്ഥിരമായി തുടരുമെന്നാണ് വിപണി വിലയിരുത്തൽ. ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്.