ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് ചന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫില്‍. 77 റണ്‍സിനായിരുന്നു ചെന്നൈയുടെ വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചതോടെയാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ചെന്നൈ 224 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡെവോണ്‍ കോണ്‍വെ (51 പന്തില്‍ 87)- റിതുരാജ് ഗെയ്കവാദ് (50 പന്തില്‍ 79) സഖ്യമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനാണ് സാധിച്ചത്. 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍. ദീപക് ചാഹര്‍ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.
രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിക്ക് പൃഥ്വി ഷായെ (5) നഷ്ടമായി. തുഷാര്‍ ദേഷ്പാണ്ഡെയുടെ പന്തില്‍ മിഡ് ഓഫില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച്. അഞ്ചാം ഓവറില്‍ ഫിലിപ് സാള്‍ട്ടും (3) മടങ്ങി. ചാഹറിന്റെ സ്ലോവറില്‍ അജിന്‍ക്യ രഹാനെയ്ക്കായിരുന്നു ക്യാച്ച്. തൊട്ടടുത്ത പന്തില്‍ റിലീ റൂസ്സോയെ (0) ചാഹര്‍ ബൗള്‍ഡാക്കി. യഷ് ദുള്‍ (13), അക്സര്‍ പട്ടേല്‍ (15), അമന്‍ ഹക്കീം ഖാന്‍ (7) എന്നിവരും നിരാശപ്പെടുത്തി. 19-ാം ഓവറിലാണ് ഡേവിഡ് വാര്‍ണര്‍ മടങ്ങുന്നത്. പതിരാനയുടെ പന്തില്‍ ഗെയ്കവാദിന് ക്യാച്ച്. മടങ്ങുമ്പോള്‍ അഞ്ച് സിക്സും ഏഴ് ഫോറും വാര്‍ണര്‍ നേടിയിരുന്നു. കുല്‍ദീപ് യാദവാണ് പുറത്തായ മറ്റൊരു താരം. ആന്റിച്ച് നോര്‍ജെ (0), ചേതന്‍ സക്കറിയ (0) പുറത്താവാതെ നിന്നു.