വാഷിങ്ടൻ∙ ക്യൂബയ്ക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ യുഎസിൽ തടവിലായിരുന്ന അന മോന്റസ്(65) ജയിൽമോചിതയായി. 20 വർഷങ്ങൾക്കുശേഷമാണ് ജയിൽമോചനം. യുഎസ് പൗരത്വമുള്ള അന മോന്റസിനെ 1980കളിലാണ് ക്യൂബ ചാരപ്രവർത്തനത്തിന് റിക്രൂട്ട് ചെയ്യുന്നത്.
1985–2001 വരെ പെന്റഗണിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ (ഡിഐഎ) അനലിസ്റ്റ് ആയിരുന്നു അവർ. ക്യൂബ വിഷയത്തിലെ മുതിർന്ന അനലിസ്റ്റായി ഉദ്യോഗക്കയറ്റം കിട്ടുകയും ചെയ്തു. 2000ലാണ് എഫ്ബിഐയും ഡിഐഎയും മോന്റസിനുനേർക്ക് അന്വേഷണം ആരംഭിച്ചത്. 2001 സെപ്റ്റംബർ 21ന് മോന്റസ് വാഷിങ്ടനിൽ അറസ്റ്റിലായി. രാജ്യത്തിന്റെ പ്രതിരോധ വിവരങ്ങൾ ക്യൂബയ്ക്ക് ചോർത്തിനൽകിയെന്ന കുറ്റമാണ് ചുമത്തിയത്.
2002ൽ 25 വർഷത്തെ ശിക്ഷയ്ക്കു വിധിച്ചു. ജയിലിൽനിന്ന് വിട്ടയതിനുശേഷം അഞ്ചുവർഷം കൂടി നിരീക്ഷണത്തിൽ തുടരണമെന്ന് വിധിന്യായത്തിൽ പറഞ്ഞിരുന്നു. ഇവർ എന്തൊക്കെ വിവരങ്ങളാണ് ക്യൂബയ്ക്കു ചോർത്തി നൽകിയത് എന്നുള്ളതിന്റെ പൂർണ വിവരങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.