തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌ക്കാരത്തിനായി കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പുതിയ പഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടും. ലിംഗ നീതി, ലിംഗ സമത്വം, ലിംഗ അവബോധം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങള്‍, കല, കായികം, ഭരണഘടന, അർബുദം പോലുള്ള മഹാരോഗങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും. മലയാളം അക്ഷരമാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചതായി മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
പൊതുവിദ്യാഭ്യാസ മന്ത്രി ചെയർപേഴ്സൺ ആയി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർ പേഴ്സണായി കരിക്കുലം കോർ കമ്മിറ്റിയുമാണ് രൂപീകരിച്ചത്. പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്. 2013ലാണ് അവസാനമായി പാഠ്യപദ്ധതി പുതുക്കിയത്. കാലികമായി പാഠ്യപദ്ധതി പുതുക്കേണ്ടത് പരിഷ്കൃത സമൂഹത്തിന് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.