സ്ത്രീകളും പുരുഷന്മാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. മുടി കൊഴിയുന്നത് ആത്മവിശ്വാസം നഷ്‌ടപ്പെടുത്താനും വൈകാരിക സമ്മർദ്ദത്തിനും കാരണമാകും. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്.
കറികളിൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില വിഭവങ്ങൾക്ക് രുചി പകരുന്നതിനൊപ്പം താരനെതിരെ പോരാടാനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? ശൈത്യകാലത്താണ് താരൻ മുടിയിൽ അടിഞ്ഞുകൂടാൻ തുടങ്ങുന്നത്. ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. താരൻ വർധിക്കുമ്പോൾ തലയോട്ടിയിൽ എരിച്ചിലും ചൊറിച്ചിലും പ്രശ്‌നവും വർദ്ധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ താരൻ അകറ്റാൻ കറിവേപ്പില ഏറെ ഗുണം ചെയ്യും.
കറിവേപ്പിലയിൽ പ്രോട്ടീൻ, വൈറ്റമിൻ, ഇരുമ്പ് തുടങ്ങി നിരവധി പ്രധാന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. അവ മുടിയുടെ വളർച്ചയെ സഹായിക്കുകയും അവയെ ശക്തമാക്കുകയും ചെയ്യുന്നു. കറിവേപ്പില മുടിക്ക് പോഷകങ്ങൾ നൽകി മുടി നീളവും കട്ടിയുള്ളതുമാക്കുന്നു.
ശൈത്യകാലത്ത് താരൻ പ്രശ്‌നത്തെ ചെറുക്കാൻ വെളിച്ചെണ്ണയിൽ കറിവേപ്പില ഉപയോഗിക്കുക. ഒരു പാനിൽ വെളിച്ചെണ്ണ എടുത്ത് അതിൽ 15-20 കറിവേപ്പില ചേർക്കുക. നന്നായി ചൂടാക്കുക. എണ്ണ തണുത്തതിന് ശേഷം തലയിൽ പുരട്ടി മസാജ് ചെയ്യുക. ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക. തുടർന്ന് ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
തൈരിൽ കറിവേപ്പില അരച്ച് മിക്‌സ് ചെയ്ത് തലയിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ശേഷം, അരമണിക്കൂറ് കഴിഞ്ഞ് കഴുകി കളയണം. ഇത് തലയിലെ ചൊറിച്ചിലും താരൻ പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കും. ഭക്ഷണത്തിൽ കറിവേപ്പില കൂടുതലായി ഉൾപ്പെടുത്തുന്നത് മൂലവും മുടിക്ക് ആരോഗ്യം ലഭിക്കും.