കൊച്ചി: കുസാറ്റ് അപകടത്തിൽ പരുക്കേറ്റവരിൽ ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രം. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന തുടരുകയാണ്. സംഘാടകരെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആസ്റ്റർ മെഡ് സിറ്റിയിൽ ചികിത്സയിലായിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തു. കുട്ടികളെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയതായും മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇനി ചികിത്സയിൽ ഉള്ളത് 9 പേർ മാത്രമാണ്. പരിക്കേറ്റവർക്കും ദൃക്സാക്ഷികളായ വിദ്യാർത്ഥികൾക്കും കുസാറ്റ് സ്റ്റുഡന്റ് വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകുന്നുണ്ട്.
അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴി രേഖപ്പെടുത്തി വരികയാണ്. പരിപാടിയെക്കുറിച്ച് പൊലീസിനെ അറിയിക്കാതിരുന്നതാണ് സംഘാടകർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. സംഘാടകരെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും.