കൊച്ചി : കൊച്ചിൻ യൂണിവേഴ്സിറ്റി ദുരന്തത്തിൽ പരുക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവർ അപകടനില തരണം ചെയ്തുവെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാർത്ഥികളാണ് അപകടനില തരണം ചെയ്തത്. കുട്ടികളെ ഐ സി യു വിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും ആശുപത്രിക്കും മന്ത്രി ഡോ. ബിന്ദു നന്ദി അറിയിച്ചു. സംഭവത്തിൽ സ്‌കൂൾ ഒാഫ് എഞ്ചിനിയറിംഗിലെ പ്രിൻസിപ്പൽ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് നൽകിയ കത്താണ് ദുരൂഹതയുണ്ടാക്കുന്നുണ്ട്. പരിപാടിയ്ക്ക് പോലീസ് അടക്കമുള്ളവരുടെ സുരക്ഷ ഒരുക്കണമെന്നായിരുന്നു നവംബർ 21ന് നൽകിയ കത്തിലുണ്ടായിരുന്നത്. എന്നാൽ ഇത് രജിസ്ട്രാർ പോലീസിന് കൈമാറിയിട്ടില്ലെന്നാണ് ആരോപണം.
പരിപാടി നടക്കുന്ന തീയതിയും സമയവുമെല്ലാം കത്തിലുണ്ടായിരുന്നു. ഇത് പോലീസിന് കൈമാറാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ആൻസൺ പി ആന്റണി ആരോപിച്ചു. പരിപാടിയെക്കുറിച്ച് പോലീസിനെ അറിയിച്ചിരുന്നെന്നാണ് കുസാറ്റ് വൈസ് ചാൻസലർ പി ജി ശങ്കരന്റെ പ്രതികരണം. സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും പരിപാടി നടക്കുന്ന സ്ഥലത്ത് ആറ് പോലീസുകാർ ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. കുസാറ്റിലെ സ്‌കൂൾ ഒഫ് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം ഉണ്ടായത്.