കൊച്ചി: കുസാറ്റിലെ അപകടത്തിൽ പരുക്കേറ്റ് ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഗീതാഞ്ജലി,ഷേബ എന്നിവർക്ക് കരളിനും തലച്ചോറിനും ശ്വാസ കോശത്തിലുമാണ് പരുക്കേറ്റത്. മലപ്പുറം സ്വദേശി ഷേബയുടെ ആരോഗ്യനില ചെറുതായി മെച്ചപ്പെട്ടു. എന്നാൽ കായംകുളം സ്വദേശിനി ഗീതാഞ്ജലിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അതേസമയം പത്തടിപ്പാലം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 18 പേരിൽ 16 പേരെയും ഡിസ്ചാർജ് ചെയ്തു. 2 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
കുസാറ്റിലെ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ടെക് ഫെസ്റ്റിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം. സംഗീത നിശ അരങ്ങേറേണ്ട വേദി ദുരന്തഭൂമിയായി മാറി. സർവകലാശാല ഓഡിറ്റോറിയത്തിലേക്ക് വിദ്യാർഥികൾ ഇടിച്ചു കയറിയതാണ് അപകടത്തിന് കാരണം. തിക്കിലും തിരക്കിലുംപെട്ട് നാല് പേർക്കാണ് ജീവൻ നഷ്ടമായത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്.
മരിച്ച നാല് പേരുടെയും പോസ്റ്റ്‌മോർട്ടം ഉടൻ പൂർത്തിയാക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്‌മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ വിട്ടു നൽകും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുസാറ്റിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്.