തിരുവനന്തപുരം: നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ബാലുശേരി എംഎൽഎ സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ അഭിനന്ദനങ്ങളുമായി ഒട്ടേറെ പേർ രംഗത്തുവന്നിരുന്നു. എന്നാൽ സംഘപരിവാർ അനുകൂല ട്രോൾ പേജുകളിൽ നിന്ന് അടക്കം രൂക്ഷമായ സൈബർ ആക്രമണമാണ് ആര്യയ്ക്കു നേരെ നടക്കുന്നത്.
കോളജ് ജീവിതവും സൗഹൃദങ്ങളും ചേർത്തുവച്ചാണു ചിലരുടെ നിരീക്ഷണങ്ങളും ആക്ഷേപ ട്രോളുകളും. സ്ത്രീകളെ ഉന്നമിട്ടുള്ള ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരെ ഫെയ്സ്ബുക്കിലൂടെ തന്നെ പ്രതികരിച്ചു സാംസ്കാരിക നായകരും രംഗത്തുണ്ട്. ബാലസംഘം, എസ്എഫ്ഐ പ്രവർത്തനകാലത്തെ അടുപ്പമാണു വിവാഹത്തിലേക്ക് എത്തുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ്. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ് ചെയർമാനായിരുന്നു. നിയമബിരുദധാരിയാണ്. കന്നിയങ്കത്തിൽ നടൻ ധർമജൻ ബോൾഗാട്ടിയെ പരാജയപ്പെടുത്തിയാണു നിയമസഭയിലെത്തിയത്. ബാലസംഘം സംസ്ഥാന പ്രസിഡന്റായിരുന്ന ആര്യ രാജേന്ദ്രൻ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണു 21–ാം വയസ്സിൽ തിരുവനന്തപുരം മേയറായത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്