ന്യൂഡൽഹി: ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട്. ഇതുപയോഗിച്ച് തട്ടിപ്പുസംഘം പലരിൽ നിന്നും പണം ആവശ്യപ്പെട്ടതായി പൊലീസ് അറിയിച്ചു. ഗവർണറുടെ പരാതിയെ തുടർന്ന് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം വ്യാജ ഫ്രൊഫൈലുകളെ കരുതിയിരിക്കണമെന്ന് ജനങ്ങൾക്ക് പൊലീസ് നിർദേശം നൽകി. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ച് ഗവർണറും രംഗത്തെത്തി. കഴിഞ്ഞ വർഷവും മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടേയും വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടാനുള്ള ശ്രമം നടന്നിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹിമാചൽ പ്രദേശിൽ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 18,000 പരാതികളാണ് ലഭിച്ചത്. ഇതിൽ 50 ശതമാനവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് അറിയിച്ചു.