അഹ്മദാബാദ്: ഗുജറാത്ത് തീര മേഖലയിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. വ്യാഴാഴ്ച രാത്രിയോടെ കരതൊട്ട ചുഴലിക്കാറ്റിൽ ദ്വാരക, കച്ച്, സൗരാഷ്ട്ര മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരങ്ങളും വൈദ്യുതി തൂണുകളും വ്യാപകമായി കടപുഴകി.
സംസ്ഥാനത്തെ 950 ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായി. മാലിയ തെഹ്സിൽ താലൂക്കിൽ മാത്രം 45 ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തീരദേശ മേഖലയിൽ 300ഓളം വൈദ്യുതി തൂണുകളാണ് കാറ്റിൽ തകർന്നത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് ജീവനക്കാർ. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിന്‍റെ വേഗത ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. പോർബന്ദർ, ദ്വാരക, കച്ച്, മോർബി ജില്ലകളിൽ ആണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്.
ഒന്നേകാൽ ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതിനാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. ശക്തമായ മഴയാണ് ഗുജറാത്തിന്‍റെ തീര പ്രദേശങ്ങളിലും സമീപ ഗ്രാമങ്ങളിലും ലഭിക്കുന്നത്. ഒമ്പത് ജില്ലകളിലെ നൂറോളം ഗ്രാമങ്ങളിലായി ചുഴലിക്കാറ്റ് നാശം വിതച്ചു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാപ്രവർത്തനത്തിന് സജ്ജമായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ കേവല ചുഴലിക്കാറ്റായി മാറുന്ന ബിപോർജോയ് അർധരാത്രിയോടെ ന്യൂനമർദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.