ചെന്നൈ : ‘മിഷോങ്’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 12 ട്രെയിൻ സർവ്വീസുകൾ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയിൽവേ അറിയിച്ചു. ബുധനാഴ്ചത്തെ എറണാകുളം – ടാറ്റാ നഗർ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്എംവിടി ബെംഗളൂരുവിൽ നിന്നും നാഗർ കോവിലിലേക്ക് പോകുന്ന നാഗർകോവിൽ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. നാഗർ കോവിലിന്‍റെ അഞ്ചാം തീയതിയിലെ യാത്രയും റദ്ദാക്കി. ആറാം തീയതി എറണാംകുളം- ടാറ്റാ നഗർ പോകുന്ന 18190 ട്രെയിനും എസ്എംവിടി ബെംഗളൂരു – ഗുഹാവത്തി സർവ്വീസ് നടത്തുന്ന 12509 ട്രെയിനും എസ്എംവിടി ബെംഗളൂരു – കാക്കിനട ടൌൺ സർവ്വീസ് നടത്തുന്ന 17209 ട്രെയിനും എസ്എംവിടി ബെംഗളൂരുവിൽ നിന്നും നാഗർ കോവിലിലേക്ക് പോകുന്ന 17235, 17236 ട്രെയിനുകളുടെ സർവ്വീസും റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയിൽവേ അറിയിച്ചു.
ഏഴാം തീയതി എസ്എംവിടി ബെംഗളൂരു- ഗുഹാവത്തി സർവ്വീസ് നടത്തുന്ന 12509 നമ്പർ ട്രെയിനും , എസ്എംവിടി ബെംഗളൂരു- കാക്കിനട ടൌൺ സർവ്വീസ് നടത്തുന്ന 17209 ട്രെയിനും, നാഗർകോവിൽ- എസ്എംവിടി ബെംഗളൂരു സർവ്വീസ് നടത്തുന്ന നാഗർകോവിൽ എക്പ്രസും റദ്ദാക്കി. എട്ടാം തീയതി എസ്എംവിടി ബെംഗളൂരു- കാക്കിനട ടൌൺ സർവ്വീസ് നടത്തുന്ന 17209 ട്രെയിനും സർവ്വീസ് റദ്ദാക്കി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിൽ ആഞ്ഞടിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ട്.