തിരുവനന്തപുരം: കേരളത്തില്‍ സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ മദ്ധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി (cyclonic circulation) സ്ഥിതിചെയ്യുന്നുണ്ട്. മണ്‍സൂണ്‍ പാത്തി (Monsoon Trough) സാധാരണ സ്ഥാനത്തിന് തെക്ക് മാറിയാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി മിതമായതും ഇടത്തരം രീതിയിലുള്ളതുമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 11 ജില്ലകളിലും ഇന്ന് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ലക്ഷദ്വീപിലും മാത്രമാണ് മഴ അലെര്‍ട്ടുകള്‍ ഇല്ലാത്തത്. നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലും കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഈ മാസം പതിനൊന്നാം തീയ്യതി വരെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്.