ജറൂസലം: ഇസ്രായേൽ സുരക്ഷാ സേനയായ ഷിൻ ബെറ്റിന്റെ തലവനെ പിരിച്ചുവിടണമെന്ന് ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ഇറ്റമർ ബെൻ ഗ്വിർ. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമായുള്ള സ്വകാര്യ വാട്ട്‌സ്ആപ്പ് സംഭാഷണത്തിലാണ് ഷിൻ ബെറ്റ് സുരക്ഷാ സേന ഡയറക്ടർ റോണൻ ബാറിനെ പുറത്താക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടത്.
ഏഴുമാസം മുമ്പ് ഇസ്രായേൽ അധിനിവേശ സേന പിടിച്ചുകൊണ്ടുപോയി അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ച ഗസ്സയിലെ അൽശിഫ ആശുപത്രി മേധാവി ഡോ. മുഹമ്മദ് അബു സാൽമിയ ഉൾപ്പെടെ 50 തടവുകാരെ മോചിപ്പിച്ചതിന് പിന്നാലെയാണ് ബെൻ ഗ്വിറിന്റെ പരാമർശം. ‘ഷിൻ ബെറ്റിന്റെ തലവനെ വീട്ടിലേക്ക് തിരിച്ചയക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ -എന്നാണ് ബെൻഗ്വിർ വാട്സ്ആപ്പ് ചാറ്റിൽ പറഞ്ഞതെന്ന് കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു.
തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡോ. മുഹമ്മദ് അബു സാൽമിയയെ മോചിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിരുന്നു. മോചനത്തിനെതിരെ ഇസ്രായേൽ മന്ത്രിസഭയിലെ തന്നെ നിരവധി പേർ പരസ്യപ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ബെന്നി ഗാന്റ്സ്, യായിർ ലാപിഡ് തുടങ്ങിയവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.