പാരീസ്: ഫ്രഞ്ച് പതാകയെ വിമർശിച്ച തുനീസ്യൻ മുസ്‍ലിം പുരോഹിതനെ ഫ്രാൻസിൽ നിന്ന് പുറത്താക്കി. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ദർമാനിൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇമാം മഹ്ജൂബ് മഹ്ജൂബിയെ ആണ് പുറത്താക്കിയത്. പതാകയെ അവഹേളിച്ചുവെന്നാരോപിച്ച് മഹ്ജൂബിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് ചെയ്ത് 12 മണിക്കൂറിനുള്ളിൽ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇങ്ങനെയുള്ള ആളുകളെ വെച്ചുപൊറുപ്പിക്കില്ലെന്നും ദർമാനിൻ വ്യക്തമാക്കി. അതേസമയം താൻ ഫ്രഞ്ച് പതാകയെ അനാദരിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ഇമാം പ്രതികരിച്ചു. ഫ്രാൻസിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ അപ്പീൽ നൽകുമെന്നും ഇമാമിന്റെ അഭിഭാഷകൻ പ്രതികരിച്ചു.
ബാഗ്നോൽസ് സുർ സെസിലെ ഇത്തൗബ മസ്ജിദിൽ സേവനമനുഷ്ടിക്കുകയായിരുന്നു ഇമാം. വ്യാഴാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തെ ഫ്രഞ്ച് അധികൃതർ തുനീസ്യയിലേക്കുള്ള വിമാനം കയറ്റിവിട്ടത്.