വാഷിംങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ജൂലൈ 24ന് വാഷിംങ്ടൺ ഡി.സി.യിൽ യു.എസ് സമാജികരെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നു. ഇസ്രായേൽ-ഗസ്സ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നെതന്യാഹു കോൺഗ്രസിന്റെ ഇരുസഭകളോടും -സെനറ്റിനോടും ജനപ്രതിനിധി സഭയോടും സംസാരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. യു.എസുമായുള്ള ബന്ധം പിരിമുറുക്കത്തിലായ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ സന്ദർശനം. പ്രത്യേകിച്ച് പ്രബല ഡെമോക്രാറ്റുകൾക്കിടയിൽ നെതന്യാഹുവിനെതിരായ വികാരം ശക്തിപ്പെടുന്നുണ്ട്. നെതന്യാഹുവിനെ സംസാരിക്കാൻ ക്ഷണിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗ തീയതി വ്യാഴാഴ്ചവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.
കഴിഞ്ഞമാസം അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രോസിക്യൂട്ടർ നെതന്യാഹുവിനും പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറണ്ടിന് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ഐ.സി.സി നീക്കത്തെ അപലപിച്ച നെതന്യാഹു ആക്രമണം തുടരുകയാണ് ചെയ്തത്. ‘ജനാധിപത്യ ഇസ്രായേലിനെ’ ‘കൂട്ടക്കൊലയാളികൾ’ എന്ന് വിളിച്ചതിനെ താൻ വെറുപ്പോടെ നിരസിക്കുന്നുവെന്നും ഇസ്രായേലിനെ പ്രതിനിധീകരിക്കാനുള്ള പദവി ലഭിച്ചതിൽ താൻ വളരെയധികം സന്തോഷവാനാണെന്നും പറഞ്ഞ നെതന്യാഹു തങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായ നമ്മുടെ ‘നീതിയുക്തമായ യുദ്ധ’ത്തെക്കുറിച്ചുള്ള സത്യം അവതരിപ്പിക്കുമെന്നും പറഞ്ഞതായി കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞു.
പ്രധാനമന്ത്രിയുമായുള്ള വ്യക്തമായ വിയോജിപ്പുകൾക്കിടയിലും താൻ ഈ ക്ഷണത്തെ പിന്തുണക്കുന്നതായി മുതിർന്ന ഡെമോക്രാറ്റ് നോതാവ് ഷാക്ക് ഷുമർ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഗസ്സ മുനമ്പിലെ ഇസ്രയേലിന്റെ നടപടിയിൽ പ്രതിഷേധിച്ച് നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്‌കരിക്കാൻ ഉദ്ദേശിക്കുന്നതായി ബേർണി സാൻഡേഴ്‌സിനെപ്പോലുള്ള നേതാക്കൾ പ്രതികരിച്ചു.