ഗസ്സ: 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ 324 പേർക്ക് ജീവൻ നഷ്ടമായെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം. 1000 പേർക്ക് ആക്രമണങ്ങളിൽ പരിക്കേറ്റുവെന്നും അധികൃതർ അറിയിച്ചു. മരിച്ചവരിൽ 66 ശതമാനം പേരും കുട്ടികളും സ്ത്രീകളുമാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അധികൃതർ കൂട്ടിച്ചേർത്തു.ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 1900 ഫലസ്തീൻകാർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 7,696 പേർക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രായേലുകാരുടെ എണ്ണം 1300 ആണ്. ഗാസ സ്ട്രിപ്പിൽ ഇതുവരെ 1300 കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തുവെന്ന് യു.എൻ അറിയിച്ചു.
വടക്കൻ ഗസ്സയിൽ നിന്നും പലായനം ചെയ്യുന്നതിനിടെ ഇസ്രായേൽ വ്യോമാക്രണത്തിൽ 70 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് നേരത്തെ അറിയിച്ചിരുന്നു. കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവുമെന്ന് ഹമാസ് വ്യക്തമാക്കി. കാറുകളിൽ പ്രദേശത്ത് നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെയാണ് വ്യോമാക്രമണമുണ്ടായത്.
അതേസമയം, ആളുകൾ ഒഴിഞ്ഞ് പോകണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളി. ഗസ്സയെ ലക്ഷ്യമിട്ട് കടലിൽ നിന്നുള്ള ആക്രമണം ഇസ്രായേൽ കടുപ്പിക്കുകയാണ്. വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ അന്ത്യശാസനം നൽകിയിരുന്നു. മുന്നറിയിപ്പിനെ തുടർന്ന് വടക്കൻ ഗസ്സയിൽനിന്ന് ആയിരങ്ങൾ വാഹനങ്ങളിലും നടന്നും തെക്കൻ മേഖലയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വാഹനങ്ങളിൽ ആളുകൾ നീങ്ങുകയാണെന്നും വഴിയിൽ ബോംബിങ് നടക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.