കൊച്ചി > ഭരണഘടനാനിർമാണ സഭയിലെ ഏക ദളിത് വനിതയും ഏറ്റവും പ്രായംകുറഞ്ഞ അംഗവുമായ ദാക്ഷായണി വേലായുധന്റെ ജന്മദിനം ഇതാദ്യമായി ഔദ്യോഗികമായി ആഘോഷിക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ചരിത്ര വനിതയുടെ നൂറ്റിപതിനൊന്നാം ജന്മദിനം സംസ്ഥാന പട്ടിക ജാതി വകുപ്പിന്റെ നേതൃത്വത്തിൽ ജന്മനാടായ മുളവുകാട് പഞ്ചായത്തിലും എറണാകുളത്തുമായി വിവിധ പരിപാടികളോടെയാണ് ജൂലൈ 3, 4 തീയതികളിൽ ആഘോഷിക്കുന്നത്. ഏകദിന ചലച്ചിത്രമേള, പുഷ്പാർച്ചന, ഭരണഘടന ക്വിസ് മത്സരം, ആദരസമർപ്പണം, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ എന്നിവ ആഘോഷത്തിന്റെ ഭാഗമാകും.
ജൂലൈ 4ന് ഉച്ചകഴിഞ്ഞ് 3ന് ബോൾഗാട്ടി പാലസിൽ പട്ടിക ജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യും. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പട്ടിക ജാതി വികസന ഓഫീസർ കെ.സന്ധ്യ മുഖ്യപ്രഭാഷണം നടത്തും. റിട്ട. ജസ്റ്റിസ് കെ.കെ ദിനേശൻ മുഖ്യപ്രഭാഷണം നടത്തും. ദാക്ഷായണി വേലായുധന്റെ മകളും സാമൂഹ്യശാസ്ത്രജ്ഞയുമായ ഡോ. മീര വേലായുധൻ, എഴുത്തുകാരൻ ചെറായി രാംദാസ്, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.
എറണാകുളം മഹാരാജാസ് കോളേജിലെ സ്വാതന്ത്ര്യ ചുമരിൽ ദാക്ഷായണി വേലായുധന്റെ ഛായാചിത്രത്തിനു മുന്നിൽ ജൂലൈ 4ന് രാവിലെ 9ന് പുഷ്പാർച്ചന. മഹാരാജാസ് കോളേജ് യൂണിയന്റെയും മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷന്റെയും സംയുക്ത സഹകരണത്തോടെ നടക്കുന്ന പരിപാടിയിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യാതിഥിയാകും.
സംസ്ഥാന പാർലമെന്ററി അഫയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭരണഘടന ക്വിസ് അന്നേ ദിവസം രാവിലെ 10 മുതൽ ബോൾഗാട്ടി പാലസിൽ നടക്കും. വൈപ്പിൻ, പറവൂർ, എറണാകുളം മണ്ഡലങ്ങളിലെ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർഥികൾ ക്വിസ് മത്സരത്തിൽ പങ്കെടുക്കും. പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി മുഖ്യപ്രഭാഷണം നടത്തും.
ജന്മദിനാഘോഷത്തിന് മുന്നോടിയായി ജൂലൈ മൂന്നിനാണ് ഏകദിന ചലച്ചിത്രമേള. ഭാരത് ഭവൻ ഒരുക്കിയ ‘ദാക്ഷായണി വേലായുധൻ’ ഡോക്യുമെന്ററി രാവിലെ 9.30ന് എറണാകുളം ചിൽഡ്രൻസ് പാർക്ക് തിയേറ്ററിൽ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ ഉദ്ഘാടനം ചെയ്യും. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ മുഖ്യാതിഥിയാകും.
ലോക്ധർമ്മി തിയേറ്റർ ഡയറക്ടർ ചന്ദ്രദാസൻ, നടി രമ്യ നമ്പീശൻ, സംവിധായിക കെ ജെ ജീവ, കവി അനിൽകുമാർ, വി വി പ്രവീൺ, എം എ പൊന്നൻ, ജ്യോതി നാരായണൻ എന്നിവർ പങ്കെടുക്കും. തുടർന്ന് 11നു ബി 32 മുതൽ 44 വരെ, ഉച്ചകഴഞ്ഞ് 2ന് റിച്ചർ സ്‌കെയിൽ 7.6, വൈകിട്ട് 4ന് സോഷ്യലിസ്റ്റ് ഭഗവതി, 5.15ന് വാസന്തി, 7.30ന് ഡാം 999 തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും. ഓരോ സിനിമയ്ക്കുശേഷവും ചർച്ചയുണ്ടാകും.
വൈപ്പിൻ മണ്ഡലത്തിലെ മുളവുകാട് 1912 ജൂലൈ നാലിന് ജനിച്ച ദാക്ഷായണി വേലായുധൻ കൊച്ചി രാജ്യ നിയമസഭാംഗം, കേരളത്തിൽ ആദ്യമായി സ്‌കൂൾ ഫൈനൽ പാസായ പട്ടികജാതി വിദ്യാർത്ഥിനി, പട്ടിക ജാതിക്കാരിലെ ആദ്യ ബിരുദധാരിണി, അധ്യാപിക തുടങ്ങി നേട്ടങ്ങൾ ഒട്ടേറെ കൈവരിച്ചു. പിന്നാക്കക്കാർക്ക് പൊതുവഴിയിലൂടെ നടക്കാൻ വിലക്കുണ്ടായിരുന്ന കാലത്ത് കടത്തുവഞ്ചിയിൽ കായൽ കടന്നുപോയി പഠിച്ച്, ചരിത്രം രചിച്ച ധീരവനിത 1976 ജൂലൈ 20ന് അന്തരിച്ചു.
ഭരണഘടന പലവിധ ഗുരുതര ഭീഷണികൾ നേരിടുന്ന ഇക്കാലത്ത് ദാക്ഷായണി വേലായുധനെ പോലെ സമുന്നത മാർഗദർശിയുടെ ഓർമ്മ സമുചിതം പുതുക്കേണ്ടത് ചരിത്രപരമായ ഉത്തരവാദിത്വമാണെന്ന് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.