അമേഠി : ഉത്തര്‍പ്രദേശിലെ അമേഠിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിക്ക് ക്രൂര മര്‍ദനം. മോഷണക്കുറ്റം ആരോപിച്ച് കുടുംബമാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. യുപിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇരുമ്പ് കമ്പിയും വടിയും ഉപയോഗിച്ചുള്ള മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രണ്ട് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മര്‍ദിക്കുന്നത്. കുട്ടിയെ നിലത്ത് കിടത്തി ഒരാള്‍ പാദങ്ങളില്‍ വടി കൊണ്ട് അടിക്കുന്നു. മറ്റ് രണ്ട് പേര്‍ കുട്ടിയുടെ കാലുകള്‍ പിടിച്ച് കൊടുക്കുന്നതും വിഡിയോയില്‍ കാണാന്‍ കഴിയും. മുഴുവന്‍ കുടുംബം നോക്കി നില്‍ക്കെയാണ് കുട്ടിയെ മര്‍ദിക്കുന്നത്.
വിഡിയോയില്‍ മൂന്ന് സ്ത്രീകള്‍ കുട്ടിയെ ചോദ്യം ചെയ്യുന്നത് കേള്‍ക്കാം. കുട്ടി വേദനകൊണ്ട് നിലവിളിക്കുന്നുണ്ടെങ്കിലും മര്‍ദനം തുടര്‍ന്നു. ഒരു ഘട്ടത്തില്‍ മര്‍ദിക്കുന്നയാള്‍ കുട്ടിയെ തറയില്‍ വലിച്ചിഴക്കുന്നതും, മുടിയില്‍ പിടിച്ച് ക്രൂരമായി അക്രമിക്കുന്നതും വ്യക്തമാണ്. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ നിയമപ്രകാരവും എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായി അമേഠി സര്‍ക്കിള്‍ ഓഫീസര്‍ പറഞ്ഞു. കേസിലെ മറ്റ് പ്രതികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. യോഗി ഭരണത്തില്‍ പ്രതിദിനം ശരാശരി 34 കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരെ 135 കുറ്റകൃത്യങ്ങളും നടക്കുന്നു, ക്രമസമാധാനം ഉറപ്പാക്കേണ്ട സര്‍ക്കാര്‍ ഉറങ്ങുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.