ലഖ്നൌ: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ജില്ലാ പ്രസിഡന്‍റ് മസൂം റാസ റാഹിക്കെതിരെയാണ് സദർ കോട്‌വാലി പൊലീസ് കേസെടുത്തത്.
ആഗസ്റ്റ് 28നാണ് സംഭവം നടന്നതെന്ന് പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. താൻ അച്ഛനും മൂന്ന് സഹോദരിമാർക്കും ഇളയ സഹോദരനുമൊപ്പം മസൂം റാസയുടെ വീട്ടിലാണ് വാടകയ്ക്ക് താമസിക്കുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്നെ ഈ വീട്ടില്‍ വെച്ച് മസൂം റാസ ബലാത്സംഗം ചെയ്തു. തടയാന്‍ ശ്രമിച്ച അച്ഛനെ മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ അച്ഛന്‍ ചികിത്സയിലിരിക്കെ മരിച്ചെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സദർ കോട്‌വാലി പൊലീസ് കേസെടുത്തു.
ഇന്ത്യന്‍ ശിക്ഷ നായമത്തിലെ 376 (ബലാത്സംഗം), 302 (കൊലപാതകം), 354 (സ്ത്രീത്വത്തെ അപമാനിക്കല്‍), 452 (വീട്ടിൽ അതിക്രമിച്ച് കയറൽ), 323 (മുറിവേൽപ്പിക്കല്‍), 504 (സമാധാനം തകര്‍ക്കല്‍), 506 (ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പട്ടികജാതി. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പും പോക്സോ വകുപ്പും ചുമത്തിയെന്ന് സർക്കിൾ ഓഫീസർ അജയ് സിങ് ചൗഹാൻ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും ബിജെപി ജില്ലാ കൺവീനർ സഞ്ജയ് പാണ്ഡെ പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെയാണ്. കുറ്റവാളി ശിക്ഷിക്കപ്പെടുമെന്നും ഇരയ്ക്ക് നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.