വഡോദര∙ ഗുജറാത്തിൽ മർദ്ദനമേറ്റ ദലിത് വിഭാഗത്തിൽപ്പെട്ടയാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ രാജു വൻകർ (45) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തെ തുടർന്ന് ഉന്നതജാതിയിൽപ്പെട്ട ഹോട്ടൽ ഉടമയും ഇയാളുടെ അനുയായിയും രാജുവിനെ മർദ്ദിക്കുകയായിരുന്നു. ജൂൺ എഴിനാണു സംഭവം നടന്നത്. രണ്ടു ദിവസത്തിനുശേഷം രാജു വൻകർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
ഓട്ടോ ഡ്രൈവറായ രാജു രാത്രി ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയതായിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ പാഴ്സലും ആവശ്യപ്പെട്ടു. എന്നാൽ പാഴ്സലിലെ അളവിനെ ചൊല്ലി രാജുവും ഹോട്ടൽ ഉടമയും തമ്മിൽ തർക്കമുണ്ടായി. പാഴ്സലിലെ അളവ് വളരെ കുറവാണെന്നായിരുന്നു രാജുവിന്റെ വാദം. പിന്നാലെ ഹോട്ടൽ ഉടമയും ഇയാളുടെ അനുയായിയും ജാതി അധിക്ഷേപം നടത്തുകയും രാജുവിനെ മർദ്ദിക്കുകയുമായിരുന്നു.
സംഭവത്തിനു പിന്നാലെ തിരികെ വീട്ടിലെത്തിയ രാജു രാത്രിയോടെ അടിവയറ്റില്‍ വേദനയെടുക്കുന്നതായി വീട്ടുകാരെ അറിയിച്ചു. തുടർന്നു മഹിസാഗറിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഗോധ്‌രയിലെ ഒരു ആശുപത്രിയിലും അവിടെനിന്ന് വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ വച്ചാണു മരണം. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ദലിത് നേതാവും കോൺഗ്രസ് എംഎൽഎയുമായ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. ‘ജാതി ഗുണ്ടകൾ’ എന്നാണു പ്രതികളെ ജിഗ്നേഷ് മേവാനി വിളിച്ചത്. പൊലീസ് കേസെടുത്തു.