ഉത്തര്‍ പ്രദേശില്‍ പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പേരക്ക തോട്ടത്തില് നിന്നും ഒരു പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് ദളിത് യുവാവായ ഓം പ്രകാശിനെ വടി കൊണ്ട് തല്ലിച്ചതച്ചത്. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായാണ് യുവാവ് തോട്ടത്തിന് അടുത്ത് പോയതെന്നാണ് ഓം പ്രകാശിന്‍റഎ സഹോദരന്‍ സത്യപ്രകാശ് പറയുന്നത്.
തിരികെ വരുന്ന വഴിയില്‍ സഹോദരന്‍ തോട്ടത്തിലെ ഒരു പേരയ്ക്ക കഴിച്ചിരുന്നു. ഇതിന് ഓം പ്രകാശിനെ തല്ലിച്ചതച്ചെന്ന് സത്യ പ്രകാശ് പറയുന്നു. പൊലീസാണ് സംഭവ സ്ഥലത്ത് എത്തി ഓം പ്രകാശിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അതിനോടകം ഓം പ്രകാശ് മരിച്ചിരുന്നു. സംഭവത്തില്‍ ഭീംസെന്‍, ബന്‍വാരി ലാല്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഇവര്‍ക്കെതിരായ നിയമ നടപടികള്‍ തുടരുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ അഭയ് കുമാര്‍ വിശദമാക്കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302, 3(2) അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മനേന ഗ്രാമവാസിയാണ് ഓം പ്രകാശ്. തോട്ടം ഉടമയും ബന്ധുമാണ് അറസ്റ്റിലായിട്ടുള്ളത്.
നേരത്തെ കര്‍ണാടകയിലെ കോലാറില്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അടുത്തുള്ള ശൂലത്തില്‍ തൊട്ടതിന് ദളിത് കുടുംബത്തിന് പിഴയിട്ടിരുന്നു.കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തില്‍ ഭൂതയമ്മ മേളയ്ക്കിടെയായിരുന്നു സംഭവം. ദളിതര്‍ക്ക് പ്രവേശനമില്ലാത്ത ഗ്രാമദേവതയുടെ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ഘടിപ്പിച്ച ശൂലത്തിലായിരുന്നു 15 കാരന്‍ തൊട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുടുംബത്തിന് വന്‍ തുക പിഴയിട്ടത്.
മറ്റൊരു സംഭവത്തില്‍ ഭാര്യയെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ദളിത് യുവാവിനേയും മാതാപിതാക്കളേയും വെടിവച്ച് കൊന്നിരുന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദേവ്‌റാൻ ഗ്രാമത്തിലായിരുന്നു ദാരുണമായ കൊലപാതകം ഒക്ടോബര്‍ അവസാന വാരം നടന്നത്. മനക് അഹിർവാര്‍ എന്ന യുവാവും മാതാപിതാക്കളുമാണ് കൊല്ലപ്പെട്ടത്.