അഹമ്മദാബാദ്: സൺഗ്ലാസും നല്ല ഷർട്ടും ധരിച്ചത് ധരിച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദളിത് യുവാവിനെ മേല്‍ജാതിക്കാർ വീട്ടിൽ കയറി തല്ലിച്ചതച്ചു. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് ജിഗാർ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്. സംഭവത്തിൽ ദളിത് യുവാവിന്‍റെ പരാതിയിൽ ഏഴോളം പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. രജപുത്ര സമുദായത്തിലെ ഒരാൾ രാത്രി ജിഗാർ ഷെഖാലിയുടെ വീട്ടിലെത്തി. നല്ല വസ്ത്രങ്ങള്‍ ധരിച്ച് നടക്കരുതെന്നും താൻ അതിരുകടക്കുകയാണെന്നും പറഞ്ഞു. ഉയർന്ന ജാതിക്കാരെപ്പോലെ വസ്ത്രം ധരിക്കരുതെന്ന് പറഞ്ഞ് അക്രമി സംഘം ജിഗാർ ഷെഖാലിയെ അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു കയ്യേറ്റം.
വീട്ടിലെത്തി യുവാവ് ഭീഷണിമുഴക്കിയതിന് ശേഷം തിരിച്ച് പോയി. പിന്നീട് രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപം നിൽക്കുമ്പോൾ ഒരു സംഘം വടികളുമായി എത്തി ദളിത് യുവാവിനെ മർദിച്ച് അവശനാക്കുകയായിരുന്നു. തടയാനെത്തിയ അമ്മയെയും ഉപദ്രവിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും റോഡിലൂടെ വലിച്ചിഴച്ചെന്നും ദളിത് യുവാവ് നല്‍കിയ പരാതിയിൽ പറയുന്നു. അതിക്രൂരമായ മർദ്ദനമാണ് തനിക്ക് നേരെ നടന്നതെന്ന് ജിഗാർ പറഞ്ഞി. സംഭവത്തിൽ പട്ടിക ജാതി വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നുമാണ് പൊലീസ് പറയുന്നത്.