രാജ്കോട്ട്: പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ഗുജറാത്തിലെ രാജ്കോട്ടിലാണ് അയൽക്കാരുമായുള്ള വഴക്കിൽ ഇടപെട്ടതിന് പൊലീസ് പിടികൂടിയ ദളിത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാജ്‌കോട്ടിലെ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. അതേസമയം, യുവാവിന്റെ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബവും നാട്ടുകാരും രംഗത്തെത്തി. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട പൊലീസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജ്‌കോട്ട് പൊലീസ് കമ്മീഷണർ രാജു ഭാർഗവ പറഞ്ഞു. രാജ്‌കോട്ടിലെ അംബേദ്കർ നഗർ സ്വദേശിയും തൊഴിലാളിയുമായ ഗോപാൽ റാത്തോഡ് എന്ന യുവാവാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ മാളവ്യനഗർ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസത്തിന് ശേഷമാണ് യുവാവ് മരിക്കുന്നത്. പൊലീസിന് ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിലായിരുന്നു ഗോപാൽ റാത്തോഡിനെ അറസ്റ്റ് ചെയ്യുന്നത്. ഒരു പ്രശ്നത്തിൽ അവൻ ഇടപെടാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. എന്നാൽ സ്റ്റേഷനിൽ യുവാവിന് മർദ്ദനമേറ്റെന്നും അതിനു ശേഷം കോമ സ്റ്റേജിലെത്തി മരിച്ചെന്നുമാണ് കുടുംബം പറയുന്നത്.
30 കാരനായ ഇയാൾത്ത് ചില രോഗങ്ങളുണ്ടായിരുന്നുവെന്നും വിവരമുണ്ട്. വൃക്കസംബന്ധമായ പ്രശ്നങ്ങളും വിട്ടുമാറാത്ത പ്രമേഹവും ഉണ്ടായിരുന്നു. എന്നാൽ യുവാവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കുടുംബം പറഞ്ഞു. അയൽക്കാരായ രാജു സോളങ്കി എന്നയാൾ ഞായറാഴ്ച രാത്രി അയൽവാസിയുമായി വഴക്കിട്ടിരുന്നതായും ഗോപാൽ റാത്തോഡിന്റെ ഭാര്യ ഗീത നൽകിയ പരാതിയിൽ പറയുന്നു. അയൽവാസി പൊലീസിനെ വിളിച്ചെന്ന് പറഞ്ഞ് രാജുവിൻ്റെ മകൻ ജയേഷ് ഗോപാൽ റാത്തോഡിന്റെ വീട്ടിലെത്തി. ഇടപെട്ടാൽ പ്രശ്നം പരിഹരിക്കാമെന്ന് ജയേഷ് പറഞ്ഞതിനെ തുടർന്ന് യുവാവ് ജയേഷിൻ്റെ കൂടെ പോവുകയായിരുന്നു. എന്നാൽ 15 മിനിറ്റിനുശേഷം പൊലീസ് വാഹനത്തിൽ ഗോപാൽ റാത്തോഡിനെ കൊണ്ടുപോവുകയായിരുന്നുവെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ഗോപാൽ റാത്തോഡിനെ വീട്ടിലേക്ക് കൊണ്ടുവന്നു. ആകെ തകർന്ന അവസ്ഥയിലായിരുന്നു യുവാവ്. രാവിലെ എഴുന്നേൽക്കാത്ത യുവാവിനെ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവിന് മസ്തിഷ്ക രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ അറിയിച്ചു. ഗീതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ തടിച്ചുകൂടുകയും നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തു. റാത്തോഡിനെ പൊലീസ് കൊലപ്പെടുത്തിയെന്ന് കോൺഗ്രസ് എംഎൽഎയും ദളിത് നേതാവുമായ മേവാനി ആരോപിച്ചു. “ഇതൊരു കസ്റ്റഡി കൊലപാതകമാണ്, അതിൽ ഗുജറാത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്നും മേവാനി പ്രതികരിച്ചു.