ബ്രസീല്‍ : പേമാരിക്കു പിന്നാലെ ബ്രസീലിലെ വടക്കു കിഴക്കന്‍ സംസ്ഥാനമായ ബഹിയയില്‍ 2 അണക്കെട്ടുകള്‍ തകര്‍ന്നതു പരിഭ്രാന്തി പരത്തി. മേഖലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വിറ്റോറിയ ഡ കോണ്‍ക്വിസ്റ്റ നഗരത്തിനു സമീപം വെരൂഗ നദിയിലുള്ള ഇഗുവ അണക്കെട്ട് ശനിയാഴ്ച രാത്രിയും ജുസെപ്പയിലെ അണക്കെട്ടു പിറ്റേന്നു രാവിലെയുമാണു തകര്‍ന്നത്. ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ല. ആഴ്ചകളായി തുടരുന്ന പേമാരിയില്‍ പ്രദേശത്തെ നദികളെല്ലാം കരകവിഞ്ഞൊഴുകുമ്പോഴാണ് അണക്കെട്ടു തകരുന്നത്. സുരക്ഷിതമായ ഇടങ്ങളിലേക്കു മാറാന്‍ സമീപവാസികള്‍ക്കു മുന്നറിയിപ്പു നല്‍കി. വിറ്റോറിയ ഡ കോണ്‍ക്വിസ്റ്റയില്‍നിന്നു ബ്രസീലിന്റെ തെക്കന്‍ പ്രദേശങ്ങളിലേക്കുള്ള പ്രധാന ഹൈവേ പ്രളയഭീഷണിയിലാണ്. മുങ്ങിയ ഇറ്റാബുന പട്ടണത്തില്‍ വീടുകളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. നവംബര്‍ മുതല്‍ ഇതുവരെ മഴക്കെടുതിയില്‍ ബഹിയയില്‍ 18 പേര്‍ മരിച്ചു.