മലപ്പുറം: സംസ്ഥാനത്തെ വൃക്ക രോഗികൾക്കുള്ള മരുന്ന് വിതരണം പ്രതിസന്ധിയിൽ. കാരുണ്യ ഫാർമസികളിൽ ഇനി ബ്രാൻഡഡ് മരുന്നുകൾ വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്ന സർക്കാർ സർക്കുലറാണ് തിരിച്ചടിയാകുന്നത്. സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് രോഗികളുടെ കൂട്ടായ്മയുടെ തീരുമാനം.വൃക്ക മാറ്റിവച്ച രോഗികളും ഡയാലിസിസ് ചെയ്യുന്നവരുമടക്കം ആയിരക്കണക്കിനാളുകളാണ് സംസ്ഥാനത്തുള്ളത്. ഓരോ മാസവും ഇരുപതിനായിരം മുതൽ മുപ്പതിനായിരം വരെ രൂപയുടെ മരുന്നുകൾ ഉപയോഗിക്കേണ്ടിവരുന്ന സാധാരണക്കാരുമുണ്ട് ഇവർക്കിടയിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ടിൽ നിന്ന് കാരുണ്യ ഫാർമസി വഴി സൗജന്യമായി നൽകിയിരുന്ന മരുന്നുകളാണ് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായിരുന്നത്. എന്നാല്‍, കാരുണ്യ ഫാർമസിയിൽ ഇനി വൃക്കരോഗികൾക്കുള്ള മരുന്ന് വാങ്ങി സൂക്ഷിക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പുതിയ സർക്കുലറിൽ പറയുന്നത്.രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന ബ്രാൻഡുകൾക്ക് പകരം ജനറിക് മരുന്ന് ലഭ്യമാക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. മരുന്ന് വിതരണം തുടങ്ങിയില്ലെങ്കിൽ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തുടനീളം പ്രതിഷേധം തുടങ്ങാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് വൃക്കരോഗികളുടെ കൂട്ടായ്മയുടെ തീരുമാനം.