ബംഗളുരു : കന്നഡ താരം ദര്‍ശന്‍റെ മനേജര്‍ ശ്രീധറിന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. തന്‍റെ സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീധറിന്‍റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ദർശന്റെ മാനേജർ ശ്രീധറിനെ ദര്‍ശന്‍റെ ഫാം ഹൗസില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആയിരുന്നുവെന്നായിരുന്നു പൊലീസ് പറഞ്ഞത്. മൃതദേഹത്തിന് അടുത്ത് ഒരു വിഷക്കുപ്പിയും ഉണ്ടായിരുന്നു.
ആത്മഹത്യ കുറിപ്പും, ആത്മഹത്യയ്ക്ക് മുന്‍പ് റെക്കോഡ് ചെയ്ത ശ്രീധറിന്‍റെ വീഡിയോയും പിന്നാലെ പുറത്തുവന്നിരുന്നു. ആത്മഹത്യാകുറിപ്പിൽ ഉള്ളത് കൈവിരലിൽ മഷി പതിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം ആത്മഹത്യ എന്നത് തന്‍റെ തീരുമാനമാണെന്നും. ഇപ്പോള്‍ നടക്കുന്ന കൊലപാതക കേസ് അന്വേഷണത്തിന്‍റെ പേരില്‍ തന്‍റെ കുടുംബത്തെ ബുദ്ധിമുട്ടിക്കരുതെന്നും പുറത്തുവന്ന വീഡിയോയില്‍ ശ്രീധര്‍ പറയുന്നത്.
ബംഗളുരുവിന് അടുത്തുള്ള അനേകലിൽ ദർശന്‍റെ പേരിൽ ഉള്ള ദുർഗ ഫാംസിന്റെ മാനേജർ ആണ് ശ്രീധർ . ദർശന്റെ കൊലക്കേസ് പുറത്ത് വന്ന സാഹചര്യത്തിൽ ശ്രീധറിനെയും ദർശൻ ഉപദ്രവിച്ചിരുന്നോ എന്ന് സംശയം ഉണ്ടെന്ന് സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിൽ അന്വേഷണം വേണമെന്നും സഹോദരി ആവശ്യപ്പെട്ടു. അസ്വഭാവിക മരണത്തിന് അനേകൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശ്രീധറിന്‍റെ ആത്മഹത്യയും ദർശൻ ഉൾപ്പെട്ട രേണുക സ്വാമി വധക്കേസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കന്നഡ സിനിമയിലെ സൂപ്പര്‍താരം ഉള്‍പ്പെട്ട കേസ് എന്നതിനാല്‍ തന്നെ രേണുക സ്വാമി വധക്കേസ് ഇതിനകം തന്നെ മാധ്യമ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
കന്നഡ സിനിമാ വ്യവസായത്തിലെ “ചലഞ്ചിംഗ് സ്റ്റാർ”, ഡി ബോസ് എന്ന് വിളിക്കപ്പെടുന്ന ദർശൻ കഴിഞ്ഞാഴ്ചയാണ് രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ദർശന്‍റെ സുഹൃത്ത് നടി പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അപകീർത്തികരമായ സന്ദേശങ്ങൾ അയച്ചതിന് അയാളെ തല്ലിക്കൊന്നും എന്നതാണ് കേസ്. രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോകാനും പീഡിപ്പിക്കാനും കൊലപ്പെടുത്താനും ദർശൻ നിര്‍ദേശം നല്‍കിയെന്നാണ് പൊലീസ് പറയുന്നത്.
ദര്‍ശന്‍റെ അറസ്റ്റിന് പിന്നിലെ കന്നഡ സിനിമയിലെ വന്‍ താരങ്ങളായ കിച്ച സുദീപ്, ഉപേന്ദ്ര എന്നിവര്‍ കേസില്‍ നീതിപൂര്‍വ്വമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.