തിരുവനന്തപുരം : ഡേറ്റ സെന്ററിലെ തകരാര്‍ മൂലം സംസ്ഥാനത്തെ റേഷന്‍ വിതരണം ഇന്നലെ ഏറക്കുറെ പൂര്‍ണമായി സ്തംഭിച്ചു. തകരാര്‍ ആരംഭിച്ച വെള്ളിയാഴ്ച മുതല്‍ റേഷന്‍ കടകളിലെ ഇ പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍) സംവിധാനം മെല്ലെപ്പോക്കിലായിരുന്നു. ഇന്നലെ ഇ പോസ് വഴി വിവരങ്ങള്‍ രേഖപ്പെടുത്തി റേഷന്‍ വിതരണം നടത്താന്‍ ഒരു തരത്തിലും കഴിയാതെ വന്നതോടെ വ്യാപാരി സംഘടനകളുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി ഉച്ചയ്ക്കുശേഷം കടകള്‍ അടച്ചിട്ടു. സംസ്ഥാനത്തെ പതിനാലായിരത്തിലേറെ കടകളില്‍ നാലായിരത്തോളം മാത്രമാണു പ്രവര്‍ത്തിച്ചത്. കടകള്‍ അടച്ചിട്ട വ്യാപാരികള്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാനാണു ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ തീരുമാനം.
രാവിലെ മുതല്‍ റേഷന്‍ വാങ്ങാന്‍ എത്തിയവര്‍ ബഹളം വയ്ക്കുകയും പലയിടത്തും സംഘര്‍ഷാവസ്ഥയാകുകയും ചെയ്തതോടെയാണ് കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. മുന്‍ഗണനേതര കാര്‍ഡ് ഉടമകള്‍ക്കു കൂടുതല്‍ അരിയും എല്ലാ വിഭാഗം കാര്‍ഡ് ഉടമകള്‍ക്കും അധികമായി മണ്ണെണ്ണയും നല്‍കുന്നതിനാല്‍ ഈ മാസം കടകളില്‍ തിരക്കു കൂടുതലാണ്. 91.81 ലക്ഷം കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്ന കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ഡേറ്റ സെന്ററിലാണു തകരാര്‍. ഇതു പരിഹരിക്കാന്‍ ഐടി മിഷന്റെ സഹായത്തോടെ ശ്രമിച്ചതായും ഇന്നു പ്രവര്‍ത്തനം പൂര്‍ണ തോതിലാകുമെന്നാണു പ്രതീക്ഷയെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐടി മിഷന്‍ സെക്രട്ടറി യോട് അഭ്യര്‍ഥിച്ചതായി മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. 3 മാസത്തോളമായി ഇ പോസ് മെഷീന്‍ സംവിധാനത്തില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും സെപ്റ്റംബറിലും പല തവണ തകരാറുണ്ടായി.