ഒഹായോയിൽ നിന്നുള്ള ഒരു 23 -കാരി അതിക്രൂരമായി അമ്മയെ കൊലപ്പെടുത്തിയ ഒരു വാർത്ത ലോകത്തെ ഞെട്ടിച്ചിരുന്നു. ആരോഗ്യ പ്രവർത്തകയായ ബ്രെൻഡ പവലെന്ന 50 -കാരിയെയാണ് അവരുടെ മകളായ സിഡ്‌നി പവൽ കൊന്നത്. മൗണ്ട് യൂണിയൻ യൂണിവേഴ്സിറ്റിയിലെ മുൻ വിദ്യാർത്ഥിയായിരുന്നു സിഡ്നി. കഴിഞ്ഞ ആഴ്ച കോടതി സിഡ്നി കുറ്റക്കാരിയാണ് എന്ന് കണ്ടെത്തി. അവളുമായി ബന്ധപ്പെട്ട രഹസ്യം അമ്മ അറിയാതിരിക്കാനാണത്രെ അവൾ അമ്മയെ കൊന്നത്.
2020 മാർച്ചിലാണ് കൊലപാതകം നടന്നത്. അന്ന് ബ്രെൻഡയെ മകളായ സിഡ്നി ഒരു പാൻ ഉപയോഗിച്ച് തലയിൽ ഇടിക്കുകയായിരുന്നു. ശേഷം കഴുത്തിൽ 30 തവണ എങ്കിലും കുത്തുകയും ചെയ്തു എന്ന് പ്രോസിക്യൂട്ടറുടെ പ്രസ്താവനയിൽ പറയുന്നു. മാർച്ച് മൂന്നിന് ഗുരുതരമായ പരിക്കുകളോടെ ബ്രെൻഡയെ അവരുടെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് അവരെ ആശുപത്രിയിൽ എത്തിച്ചു. എങ്കിലും അവർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അന്ന് സിഡ്നിക്ക് 19 വയസായിരുന്നു പ്രായം. അക്രോൺ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ചൈൽഡ് ലൈഫ് സ്പെഷ്യലിസ്റ്റായിരുന്നു ബ്രെൻഡ. സ്‌കൂൾ അധികൃതരുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് സിഡ്‌നി അവളെ ആക്രമിച്ചത്.
സിഡ്നിക്ക് വേണ്ടി വാദിക്കവെ പ്രതിഭാഗം പറഞ്ഞത് അവൾക്ക് മാനസികമായി പ്രശ്നങ്ങളുണ്ട് എന്നാണ്. ബ്രെൻഡയെ കൊലപ്പെടുത്തുന്ന സമയത്ത് അവൾക്ക് സ്കീസോഫ്രീനിയ ആയിരുന്നു എന്നും അവർ വാദിച്ചു. എന്നാൽ, പ്രോസിക്യൂട്ടർമാർ നിയോഗിച്ച സൈക്കോളജിസ്റ്റ് ഈ വാദം നിഷേധിച്ചു.
സിഡ്നി അവളുടെ അമ്മയെ ഏറ്റവും അടുത്ത കൂട്ടുകാരിയായിട്ടാണ് കണ്ടിരുന്നത് എന്ന് പറയുന്നു. എന്നാൽ, അവളെ കോളേജിൽ നിന്നും പുറത്താക്കിയത് അമ്മ അറിയാതിരിക്കാൻ വേണ്ടിയാണ് സിഡ്നി അമ്മയെ കൊന്നത് എന്നാണ് പറയുന്നത്. സപ്തംബർ 28 -ന് അവൾക്ക് ശിക്ഷ വിധിക്കും.