മലപ്പുറം: മാതാപിതാക്കളെ കാണാന്‍ എല്ലാ മക്കള്‍ക്കും തുല്യ അവകാശമാണെന്നും അവ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. മറ്റു മക്കളെ കാണാന്‍ മകള്‍ അനുവദിക്കുന്നില്ലെന്ന അമ്മയുടെ പരാതി ഇന്ന് മലപ്പുറത്ത് നടന്ന സിറ്റിങില്‍ കമ്മീഷഷന്റെ പരിഗണനയ്ക്ക് എത്തി.
മാതാപിതാക്കളെയും ഭാര്യയെയും സംരക്ഷിക്കാതിരിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന യുവാവിനെതിരെ ഭാര്യ വനിതാ കമ്മീഷന് നല്‍കിയ പരാതി പോലീസിന് കൈമാറി. മലപ്പുറം ജില്ലയിലെ ആദിവാസി, തീരദേശ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു.
ആകെ 50 പരാതികളാണ് ഇന്ന് മലപ്പുറത്ത് നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിച്ചത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. ഒന്‍പതു പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഗാര്‍ഹിക പീഡന പരാതിയാണ് സിറ്റിംഗില്‍ കൂടുതലായി എത്തിയത്. അഭിഭാഷകരായ ബീന കരുവാത്ത്, സുകൃത രജീഷ്, സഖി കോ-ഓര്‍ഡിനേറ്റര്‍ ശ്രുതി നാരായണന്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
അതേസമയം കുടുംബ പ്രശ്‌നങ്ങളില്‍ വനിതാ കമ്മിഷന്‍ കൃത്യമായ ഇടപെടലിലൂടെ പരിഹാരം സാധ്യമാക്കുന്നതായി കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈഎംസിഎ ഹാളില്‍ നടന്ന പത്തനംതിട്ട ജില്ലാതല സിറ്റിംഗില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.
കുടുംബ പ്രശ്‌നങ്ങള്‍ കൂടി വരുന്ന സാഹചര്യമാണ് ഉള്ളത്. ദമ്പതികള്‍ തമ്മിലുള്ള സ്നേഹവും പരസ്പര ധാരണയും കുറയുന്നത് ഇത്തരം പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുന്നു. ഇത്തരം കേസുകളില്‍ കാരണം കണ്ടെത്തി പരിഹാരം നിര്‍ദേശിച്ചു. വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നതിന് ജനങ്ങളുടെ സഹകരണം വളരെ സഹായിക്കുന്നുണ്ടെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും സിറ്റിംഗില്‍ പരിഗണനയ്ക്ക് എത്തിയത്.
സിറ്റിംഗില്‍ പരിഗണിച്ച 58 പരാതികളില്‍ 18 എണ്ണം തീര്‍പ്പാക്കി. 33 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വച്ചു. ഏഴു പരാതികള്‍ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന് അയച്ചു. സിറ്റിങില്‍ പാനല്‍ അഭിഭാഷകരായ അഡ്വ. കെ എസ് സിനി, അഡ്വ. എസ്. സീമ, വനിതാസെല്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. ലീലാമ്മ, കൗണ്‍സിലര്‍ ശ്രേയ ശ്രീകുമാര്‍, വീണ വിജയന്‍ എന്നിവര്‍ പങ്കെടുത്തു.