മകൾ നൽകിയ വ്യാജ ബലാത്സംഗ പരാതിയിൽ നിരപരാധിയായ അച്ഛൻ അകത്ത് കിടന്നത് 11 വർഷം. ഒടുവിൽ, കഴിഞ്ഞ മാസം ഇയാളെ മധ്യപ്രദേശ് ഹൈക്കോടതി വെറുതെ വിട്ടു. 2012 -ലാണ് അന്നത്തെ കാമുകന്റെ നിർദ്ദേശപ്രകാരം പെൺകുട്ടി അച്ഛനെതിരെ വ്യാജ പീഡന പരാതി നൽകിയത്. അച്ഛൻ നേരത്തെ മകളെ കാമുകനൊപ്പം കണ്ടിരുന്നു. പിന്നാലെ, ഇയാൾ ഇക്കാര്യം പറഞ്ഞ് മകളെ ശകാരിച്ചു. മകൾ ഇക്കാര്യം കാമുകനോടും പറഞ്ഞു. കാമുകനാണ് അച്ഛനെതിരെ പീഡന പരാതി നൽകാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചത്. അങ്ങനെയൊരു പരാതി നൽകിയാൽ അച്ഛൻ പിന്നെ തങ്ങളുടെ കാര്യത്തിൽ ഇടപെടില്ല എന്നു പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പരാതി നൽകാൻ പ്രേരിപ്പിച്ചത്.
പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്, 2012 മാർച്ച് 18 -ന് രാത്രി അത്താഴത്തിന് ശേഷം പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. അന്ന് രാത്രി അമ്മ വീട്ടിലില്ലായിരുന്നു. സംഭവം അമ്മയടക്കം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് അച്ഛൻ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. മാർച്ച് 20 -ന് അച്ഛൻ വീണ്ടും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. ആ സമയത്ത് താൻ ഓടിപ്പോയി മുത്തച്ഛനോട് കാര്യം പറയുകയായിരുന്നു.
ശേഷം അച്ഛൻ പീഡിപ്പിച്ചു എന്നു പറഞ്ഞ് പെൺകുട്ടി പൊലീസ് സ്റ്റേഷനിലും പരാതി നൽകി. പിന്നാലെയാണ് അച്ഛൻ അറസ്റ്റ് ചെയ്യപ്പെട്ടതും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതും. വിധിക്കെതിരെ ഇയാൾ ഒരു അപ്പീൽ നൽകി. അച്ഛൻ മകളെ പീഡിപ്പിച്ചു എന്ന് തെളിയിക്കാൻ കോടതിക്ക് സാധിച്ചില്ല. ഒടുവിൽ പെൺകുട്ടി തന്നെ അച്ഛൻ പീഡിപ്പിച്ചിട്ടില്ല എന്നും തന്റെ കാമുകനുമായി മാത്രമാണ് തനിക്ക് ശാരീരികബന്ധം ഉണ്ടായിരുന്നത് എന്നും പറയുകയായിരുന്നു. കാമുകന്റെ നിർദ്ദേശപ്രകാരമാണ് അച്ഛനെതിരെ പീഡന പരാതി നൽകിയത് എന്നും അവൾ സമ്മതിച്ചു.
2013 -ലാണ് അച്ഛനെ ജീവപര്യന്തം തടവിനും, 10000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. അതേ വർഷം തന്നെ ഹൈക്കോടതി വിധിക്കെതിരെ ഇയാൾ ഒരു അപ്പീൽ നൽകിയിരുന്നു. ജസ്റ്റിസ് സുജോയ് പോൾ, ജസ്റ്റിസ് വിവേക് ജെയിൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇപ്പോൾ ഇയാളെ വെറുതെ വിട്ടിരിക്കുന്നത്.