ദില്ലി: ഏകദിന ലോകകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി കണ്ടെത്താന്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ക്കായിരുന്നു. നെതര്‍ലന്‍ഡ്‌സിനെതിരെ 93 പന്തില്‍ 104 റണ്‍സാണ് വാര്‍ണര്‍ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരേയും വാര്‍ണര്‍ സെഞ്ചുറി നേടി. 11 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ ഇന്നിംഗ്‌സ്. ഇതോടെ ലോകകപ്പില്‍ സെഞ്ചുറി നേട്ടത്തില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്താന്‍ വാര്‍ണര്‍ക്കായിയിരുന്നു. ഏഴ് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമന്‍. ഇനിയും ബാക്കി നില്‍ക്കെ, സച്ചിനെ മറികടക്കാന്‍ വാര്‍ണര്‍ക്കാവുമെന്നാണ് കരുതുന്നത്. പിന്നീടുള്ള മത്സരം രോഹിത്തും വാര്‍ണറും തമ്മിലാവും.
ഇതിനിടെ ഒരു കാര്യത്തില്‍ വാര്‍ണര്‍ രോഹിത്തിനെ മറികടന്നു. തന്റെ ഏകദിന കരിയറിലെ 22-ാം സെഞ്ചുറിയാണ് വാര്‍ണര്‍ കണ്ടെത്തിയത്. ഏറ്റവും കുറവ് ഇന്നിംഗ്‌സുകളെടുത്ത് 22 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ മൂന്നാമത്തെ താരമായിരിക്കുകയാണ് വാര്‍ണര്‍. രോഹിത് 188 ഇന്നിംഗ്‌സില്‍ നിന്നാണ് 22 സെഞ്ചുറി നേടിയത്. അഞ്ചാമതായി അദ്ദേഹമിപ്പോള്‍. 186 ഇന്നിംഗ്‌സില്‍ 22 സെഞ്ചുറി കണ്ടെത്തിയ എബി ഡിവില്ലിയേഴ്‌സാണ് നാലമത്. ഇക്കാര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഒന്നാമന്‍. 126 ഇന്നിംഗ്‌സില്‍ നിന്ന് അദ്ദേഹം 22 സെഞ്ചുറികളിലെത്തി. വിരാട് കോലി (143 ഇന്നിംഗ്‌സ്) രണ്ടാമത്. കോലിക്ക് പിന്നിലാണ് വാര്‍ണര്‍.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ റിക്കി പോണ്ടിംഗിനേയും കുമാര്‍ സംഗക്കാരയേയും വാര്‍ണര്‍ മറികടന്നിരുന്നു. ഇരുവര്‍ക്കും അഞ്ച് സെഞ്ചുറികള്‍ വീതമാണുള്ളത്. ലോകകപ്പില്‍ ഓസീസിന് വേണ്ടി തുടര്‍ച്ചയായി രണ്ട് സെഞ്ചുറുകള്‍ നേടാനും വാര്‍ണര്‍ക്കായി. മാര്‍ക്ക് വോ (1996), റിക്കി പോണ്ടിംഗ് (2003, 2007), മാത്യും ഹെയ്ഡന്‍ (2007) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.