തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക ദയാബായി നടത്തുന്ന നിരാഹാരത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും കത്തയച്ചു.
രണ്ടാഴ്ച പിന്നിട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയൻ സമരം അവസാനിപ്പിക്കുന്നതിനായി ഇടപെട്ടിട്ടുണ്ട്. ദയാബായിയുമായി കൂടിക്കാഴ്ച നടത്താൻ മന്ത്രി ആർ ബിന്ദുവിനും ആരോഗ്യമന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി നിർദ്ദേശം നല്‍കി. ഇന്ന് ഉച്ചക്ക് 12 മണിക്ക് സമരസമിതിയുമായി സെക്രട്ടറിയേറ്റ് അനക്സിൽ മന്ത്രിമാര്‍ ചര്‍ച്ച നടത്തും.
കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി ദയാബായിയെ കാണുകയും സമരത്തിന് പിന്തുണയറിയിക്കുകയുമായിരുന്നു.
കാസർകോട് ജില്ലയിൽ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളുലും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിർദ്ദേശ പട്ടികയിൽ കാസർഗോഡ് ജില്ലയുടെ പേരും ചേർക്കുക തുടങ്ങിയവയാണ് സമരത്തിന്‍റെ പ്രധാന ആവശ്യങ്ങൾ.ആരോഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.