നെടുങ്കണ്ടം > കമ്പംമെട്ട് മന്തിപ്പാറയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പത്തനംതിട്ട ചിറ്റാർ സ്വദേശിയായ എബ്രഹാമാണ് മരിച്ചത്. മന്തിപ്പാറയിലെ ഇവാഞ്ചലിക്കൽ ചർച്ചിലെ പാസ്റ്ററായി ജോലിചെയ്യുകയായിരുന്നു. മകൻ ലാൽസണാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഏതാനും ദിവസങ്ങൾക്കു മുൻപ് എബ്രഹാമിനെ കാണാതായിരുന്നു. വെള്ളിയാഴ്ചയാണ് മന്തിപ്പാറയോട് ചേർന്നുള്ള തമിഴ്നാട് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കമ്പംമെട്ട്, വണ്ടൻമേട് സ്റ്റേഷനുകളിൽ നിന്നും പൊലീസും തമിഴ്നാട് വനം വകുപ്പും സ്ഥലത്തെത്തിയിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.