ചിപ്സ് പാക്കറ്റിൽ നിന്ന് ചത്ത തവളയെ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ജസ്മീത് പട്ടേൽ എന്നയാൾ ചിപ്സ് പകുതിയോളം കഴിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ജസ്മീതിൻ്റെ മകൾ കഴിക്കാനായി പാക്കറ്റ് തുറന്ന് നോക്കുമ്പോഴാണ് ചത്ത തവളയെ കാണുന്നത്. അന്വേഷണത്തിൻ്റെ ഭാഗമായി ചിപ്സ് പാക്കറ്റിൻ്റെ പ്രൊഡക്ഷൻ ബാച്ചിൻ്റെ സാമ്പിളുകൾ ശേഖരിക്കുമെന്ന് ജാംനഗർ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഫുഡ് ബ്രാഞ്ച് ഉദ്യോഗസ്ഥർ പാക്കറ്റ് പരിശോധിക്കാൻ പട്ടേലിൻ്റെ വീട് സന്ദർശിച്ചു. ചത്ത തവളയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടയിലുള്ള മറ്റ് ചിപ്സ് പാക്കറ്റുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി അധിക്യതർ പറഞ്ഞു.
‘ ബാലാജി വേഫേഴ്‌സ് നിർമ്മിച്ച ക്രഞ്ചെക്‌സിൻ്റെ പാക്കറ്റിൽ ചത്ത തവളയെ കണ്ടെത്തിയതായി ജാസ്മിൻ പട്ടേൽ ഞങ്ങളെ അറിയിച്ചു. ഞങ്ങൾ ഇന്നലെ രാത്രി അത് വാങ്ങിയ കട സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇത് ദ്രവിച്ച നിലയിലുള്ള തവളയാണെന്ന് കണ്ടെത്തി…’ – ഭക്ഷ്യസുരക്ഷാ ഓഫീസർ ഡി ബി പാർമർ പറഞ്ഞു.