കൊച്ചി: കുമ്പളം പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിന്റെ മുഖത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇന്ന് രാവിലെ പഞ്ചായത്ത് ഓഫീസ് പരിസരത്തെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് താഴെ ഒരാൾ കിടക്കുന്നതായി കണ്ടിരുന്നു.
കെട്ടിടത്തിന് മുകളിൽ നിന്ന് വീണതാകാമെന്ന നിഗമനത്തിൽ ഇവിടെയെത്തിയ നാട്ടുകാർ രഞ്ജിത്തിന്റെ മുഖത്ത് മർദ്ദനമേറ്റ പാടുകൾ കണ്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇത് കൊലപാതകം തന്നെയെന്ന നിഗമനത്തിൽ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.