ന്യൂഡൽഹി: ഷവർമ കഴിച്ച ആൾ മരിച്ച കേസിൽ പ്രതിയായ എറണാകുളം തൃക്കാക്കര ഹിദായത്ത് റസ്റ്റാറന്റ് ഉടമ എം.പി. ഷിഹാദിന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് നേരത്തേ പരിഗണിച്ചപ്പോൾ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി, മരണകാരണത്തിന്റെ രേഖകൾ സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകിയിരുന്നു.
സർക്കാർ രേഖകൾ പ്രകാരം മരണകാരണം ഭക്ഷ്യവിഷ ബാധയേറ്റിട്ടാണോ എന്ന തീർപ്പിലെത്താൻ സാധിക്കില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോട്ടിൽ അത്തരം കാര്യങ്ങൾ പറയുന്നില്ലെന്നും വെള്ളിയാഴ്ച ഹരജി വീണ്ടും പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ ഒക്ടോബർ 18ന് ഹോട്ടലിൽനിന്ന് ഷവർമ വാങ്ങിച്ച ആളെ 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 25നാണ് മരണം സംഭവിച്ചത്. ഇതിനുള്ളിൽ എന്തെങ്കിലും സംഭവിച്ചതാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും മുൻകൂർ ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി. ഹോട്ടലുടമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തേ കേരള ഹൈകോടതി തള്ളിയിരുന്നു.