കോഴിക്കോട്: വടകര സജീവൻ്റെ കസ്റ്റഡി മരണത്തിൽ പ്രതികളായ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മുൻകൂർ ജാമ്യം. പ്രതികളായ എസ്ഐ, എം നിജേഷ്, സിപിഒ പ്രജീഷ്, സസ്പെൻഷനിൽ കഴിയുന്ന എഎസ്ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ആണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞമാസം 21 ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവൻ വടകര സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ചത്.
കഴിഞ്ഞമാസം 21 ന് 11.30 ഓടെ വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഒടുവില്‍ പൊലീസെത്തി സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്‍റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.
മര്‍ദ്ദനമേറ്റതിന് പിന്നാലെ തനിക്ക് നെഞ്ച് വേദന അനുഭവപ്പെടുന്നതായി സജീവന്‍ പറഞ്ഞു. എന്നാല്‍ പൊലീസുകാര്‍ അത് കാര്യമാക്കാതെ സ്റ്റേഷന്‍ നടപടികളുമായി മുന്നോട്ട് പോയി. നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പൊലീസ് ഇവരെ വിട്ടയച്ചെങ്കിലും സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പൊലീസുകാരുടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെയാണ് വടകര സഹകരണ ആശുപത്രിയില്‍ സജീവനെ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.