ബത്തേരി> വയനാട് നെന്മേനി പഞ്ചായത്ത് ഹരിത കർമസേന മാലിന്യം കത്തിക്കുന്ന എം സി എഫിലുണ്ടായ തീപിടിത്തത്തിൽ മധ്യവയസ്കൻ വെന്തുമരിച്ചു. ചുള്ളിയോട് അമ്പലക്കുന്ന് പണിയ കോളനിയിലെ ഭാസ്കരൻ (63) ആണ് മരിച്ചത്.തിങ്കൾ രാത്രി ഒമ്പതരയോടെയാണ് ചുള്ളിയോട് ടൗണിൽ ബസ് സ്റ്റാൻഡിനോട് ചേർന്ന ഭാഗത്തെ എംസിഎഫിൽ തീപടർന്നത്. നിമിഷങ്ങൾക്കകം ആളിപ്പടർന്ന തീയിൽ മാലിന്യ ചാക്കുകൾക്കൊപ്പം എം സി എഫിലെ രണ്ട് കെട്ടിടങ്ങളും തുടർവിദ്യാകേന്ദ്രത്തിന്റെ കെട്ടിടവും ഭാഗികമായി കത്തി നശിച്ചു. ബത്തേരിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. ഇതിന് ശേഷമാണ് ഭാസ്കരന്റെ മുതദേഹം കത്തിക്കരിഞ്ഞ നിലയിൽ മാലിന്യച്ചാക്കുകൾക്കിടയിൽ കണ്ടത്.
എംസിഎഫ് കെട്ടിടത്തിൽ പതിവായി കിടക്കുന്നയാളാണ് ഭാസ്കരൻ. പരേതയായ ബിന്ദുവാണ് ഭാര്യ. മകൾ സീത . മരുമകൻ: മനു. പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം വിട്ടുകൊടുത്തു.പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന് ആരോപിച്ച് സിപിഐ എം നേതൃത്വത്തിൽ നെന്മേനി പഞ്ചായത്തോഫീസ് ഉപരോധിച്ചു.