മുംബൈ: അന്നാ സെബ്യാസ്റ്റ്യന്റെ മരണത്തിൽ അന്വേഷണം നടത്തുന്ന മഹാരാഷ്ട്ര തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഏണസ്റ്റ് ആന്റ് യങ് കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തി. ഇ വൈ കമ്പനിയുടെ പൂനെ ഓഫീസ് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത് വർഷങ്ങൾ വൈകിയാണെന്നാണ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വ്യക്തമായത്. 2007ൽ തുടങ്ങിയ കമ്പനി രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത് 2024ൽ മാത്രമാണ്. ഇക്കാര്യത്തിൽ ഇതിൽ കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം അന്നാ സെബ്യാസ്റ്റ്യന് നൽകിയ ശമ്പളത്തിന്റെ ഉൾപ്പെടെയുള്ള വിശദാംശങ്ങളും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചു. 2024 മാർച്ച് 11 മുതൽ 2024 ജൂലൈ 19 വരെയുള്ള കാലയളവിൽ അന്നക്ക് ശമ്പളമായി 28.50 ലക്ഷം രൂപ നൽകിയെന്നാണ് കമ്പനിയിലെ രേഖകൾ. ഏൽപ്പിച്ച അധിക ജോലിക്ക് അന്നക്ക് പ്രതിഫലം നൽകിയതായാണ് കമ്പനി അധികൃതർ മൊഴി നൽകിയിരിക്കുന്നത്. സ്ഥാപനത്തിലെ 294 ജീവനക്കാരിൽ ചിലരുടെ മൊഴി എടുത്തെന്നും മഹാരാഷ്ട്ര ലേബർ കമ്മീഷണർ ശൈലേന്ദ്ര പോൾ അറിയിച്ചു.
അടുത്ത ആഴ്ച്ച മഹാരാഷ്ട്ര സർക്കാർ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. മഹാരാഷ്ട്ര തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരോടൊപ്പം കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലെ നാല് ഉദ്യോഗസ്ഥരു ഇ.വൈ കമ്പനിയുടെ പൂനെ ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. നേരത്തെ അന്നാ സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു. പതിനാല് ദിവസത്തിനകം മറുപടി നൽകാൻ കേന്ദ്രത്തിന് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.