തിരുവനന്തപുരം > നേമത്ത് വീട്ടിൽ നടത്തിയ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ വ്യക്തി പിടിയിൽ. ബീമാപള്ളിയിൽ ക്ലിനിക് നടത്തിയിരുന്ന അക്യുപങ്ചർ ചികിത്സകൻ വെഞ്ഞാറമൂട് സ്വദേശി ഷിഹാബുദ്ദീനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. നേമം സ്റ്റേഷനിലെത്തിച്ച ഷിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭർത്താവിന്റെ നിർദേശ പ്രകാരം ഷിഹാബുദ്ദീനാണ് യുവതിക്ക് ഗർഭകാലത്ത് അക്യുപങ്ചർ ചികിത്സ നൽകിയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ യുവതിയുടെ ഭർത്താവ് നയാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വീട്ടിൽ പ്രസവം നടത്തിയതിനെത്തുടർന്ന് അമ്മയും കുഞ്ഞും മരണപ്പെട്ടത്. പാലക്കാട് സ്വദേശിനിയായ ഷെമീറ (36)യും നവജാതശിശുവുമാണ് മരിച്ചത്. ചൊവ്വ വൈകിട്ട് മൂന്നോടെയാണ് ഇവർക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഈ സമയം ഭർത്താവ് നയാസും ഇയാളുടെ ആദ്യ ഭാര്യയും മകളുമാണ് ഒപ്പമുണ്ടായിരുന്നത്. പ്രസവത്തിനിടെ ചലനം നഷ്ടമായതോടെ ആംബുലൻസിൽ വൈകിട്ട് 5.45ന് കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ പ്രവേശിച്ചപ്പോൾതന്നെ അമ്മയും കുഞ്ഞും മരിച്ചതായി അധികൃതർ അറിയിച്ചു.
ആശുപത്രിയിൽ പോകാതെയുള്ള അക്യുപങ്ചർ ചികിത്സാരീതിയാണ് ഗർഭകാലത്ത് ഇവർ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയാണ് മരിച്ച ഷെമീറ. പൂന്തുറ സ്വദേശിയായ നയാസുമായി രണ്ടാം വിവാഹമാണ്. ഷെമീറയുടെ ആദ്യ മൂന്ന് പ്രസവത്തിനും സിസേറിയൻ ആയിരുന്നതിനാൽ ആശുപത്രിയിൽ പോകണമെന്ന് ആശാ പ്രവർത്തകരും കമ്യൂണിറ്റി പൊലീസും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ആശുപത്രിയിലുള്ള ചികിത്സ വേണ്ടായെന്ന നിലപാടിലായിരുന്നു കുടുംബം. വീട്ടിൽത്തന്നെ ഭാര്യ പ്രസവിക്കണമെന്ന നിർബന്ധത്തിലായിരുന്നു നയാസ്. യൂട്യൂബ് നോക്കി സാധാരണ പ്രസവം നടക്കുമെന്ന് നയാസ് അവകാശപ്പെട്ടെന്നും ആശുപത്രിയിലാക്കാൻ ആവശ്യപ്പെട്ട പൊലീസിനോട് തനിക്കില്ലാത്ത വേവലാതി നിങ്ങൾക്കെന്തിനാണെന്ന് ചോദിച്ചുവെന്നും ദൃക്‌സാക്ഷികളും ജനപ്രതിനിധികളും പറഞ്ഞിരുന്നു.