ജയ്പൂര്: പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോടതി ജഡ്ജിക്കെതിരെ കേസ് രജിസ്ററർ ചെയ്ത് പോലീസ്. തീകൊളുത്തി ആത്മഹത്യ ചെയ്ത ജീവനക്കാരന്റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രാദേശിക കോടതിയിലെ ജഡ്ജിക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയത്. ഭാൻക്രോട്ടാ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ അനിൽ കുമാർ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജയ്പൂരിലെ എൻഡിപിഎസ് കോടതിയിലെ ജഡ്ജി കെ എസ് ചലനയ്ക്കെതിരെയാണ് ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്തത്.
ജഡ്ജിയുടെ കമല നെഹ്‌റു നഗറിലെ വസതിയിൽ ജോലി ചെയ്തിരുന്ന സുഭാഷ് മെഹ്‌റ നവംബർ 10നാണ് ശരീരത്തിൽ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് മേൽക്കൂരയിൽ വച്ച് സ്വയം തീകൊളുത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. ഇതേത്തുടർന്ന്, സുഭാഷ് മെഹ്‌റയുടെ കുടുംബാംഗങ്ങളും ജുഡീഷ്യൽ എംപ്ലോയീസ് യൂണിയനും ജഡ്ജിക്കെതിരെ രംഗത്തെത്തി. സുഭാഷ് കൊല്ലപ്പെട്ടതാണെന്നും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. സുഭാഷിന്റെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.