തിരുവനന്തപുരം > അരുണാചൽ പ്രദേശിൽ ജീവനൊടുക്കിയ മലയാളികളിൽ ഒരാളായ ആര്യ അന്യഗ്രഹ, മരണാനന്തര ജീവിതത്തെക്കുറിച്ച് ‘ഡോൺ ബോസ്‌കോ’ എന്ന ഇ-മെയിൽ അക്കൗണ്ടുമായി ആശയവിനിമയം നടത്തിയതായി പൊലീസ് കണ്ടെത്തൽ. ‘ഡോൺ ബോസ്‌കോ’ എന്ന ഇ-മെയിൽ മുഖാന്തരമാണ് ആര്യ 2021ൽ ആശയവിനിമയം നടത്തിയിരിക്കുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ച് യുക്തിസഹമെന്ന് തോന്നിക്കുന്ന രീതിയിലുള്ള സംഭാഷണമാണ് ഇ-മെയിൽ ഉടമ ആര്യയുമായി നടത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ ആരെന്ന ചോദ്യമാണ് പൊലീസിന് മുന്നിലുള്ളത്. ആര്യക്കൊപ്പം മരിച്ച നവീൻ തന്നെയാണോ ‘ഡോൺ ബോസ്‌കോ’ എന്ന സംശയവും പൊലീസിനുണ്ട്. നവീന്റെ ഭാര്യ ദേവിയെയും ഇത്തരത്തിൽ വിശ്വസിപ്പിച്ച് മൂന്നുപേരടങ്ങുന്ന സംഘമായി ഇവർ മാറിയതാകാമെന്നും പൊലീസ് സംശയിക്കുന്നു.
ഇവർ മരിച്ച മുറിയിൽനിന്ന് നവീന്റെയും ദേവിയുടെയും ഫോണും ഒരു ലാപ്‌ടോപും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആര്യയുടെ ഫോൺ കണ്ടെത്താനായിട്ടില്ല. മൂവരും അരുണാചലിലേക്ക് യാത്ര ചെയ്‌ത ദിവസം പരുത്തിപ്പാറയിലാണ് ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാണിക്കുന്നത്. ഫോൺ ഉപേക്ഷിച്ചശേഷമാകാം ഇവർ യാത്ര തുടർന്നതെന്നാണ് പൊലീസ് കരുതുന്നത്. ആര്യയുടെമാത്രം ഫോൺ ഉപേക്ഷിച്ചതിന്റെ കാരണവും കണ്ടെത്തേണ്ടതുണ്ട്. റൂം ബുക്കിങ്, ടാക്‌സി എന്നിവയ്ക്കെല്ലാം ഓൺലൈൻ ഇടപാടുകൾ ഒഴിവാക്കിയതിലും ദുരൂഹതയുണ്ട്. ഏറ്റവുമൊടുവിൽ ഇവർ നടത്തിയ സംസാരങ്ങളും ചാറ്റുകളും വീണ്ടെടുക്കുന്നതിലൂടെ കേസിൽ ദുരൂഹത ഒഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
മൂന്നു പേരുടേയും ആത്മഹത്യയിൽ പുറത്തു നിന്നുമുള്ളവരുടെ ഇടപെടലുണ്ടാകാം എന്ന സാധ്യതയും പൊലീസ് ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. സാത്താൻ സേവ തന്നെയാണ് മരണകാരണമെങ്കിൽ ഈ പ്രക്രിയയിൽ ഒരു മുഖ്യ കാർമ്മികൻ ഉണ്ടാവേണ്ടതാണ്. അയാൾ ഈ ആഭിചാര പ്രക്രിയയിൽ മരിക്കാറുമില്ല. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു നാലാമന്റെ സാന്നിധ്യം അവിടെ ഉണ്ടായതായി തെളിവുകളുമില്ല.
പ്രത്യേക തരം കല്ലുകളും ചിത്രങ്ങളും കണ്ടെത്തി
മരണപ്പെട്ട നവീന്റെ കാറിൽ നിന്ന് പ്രത്യേക തരം കല്ലുകളും ചിത്രങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം ബ്ലാക് മാജിക് തന്നെയെന്ന് ഈ തെളിവുകളിലൂടെ ഉറപ്പിക്കാം. മരണപ്പെട്ടവരുടെ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണ് ഇവയെന്നാണ് കരുതുന്നു. ആര്യക്കു വന്ന മെയിലുകളിൽ ഈ കല്ലുകളെ കുറിച്ചു സൂചിപ്പിക്കുന്നതായി അന്വേഷണസംഘം പറയുന്നു.
എന്തിന് അരുണാചൽ പ്രദേശ് ?
അരുണാചൽ പ്രദേശിലെ സിറോ മരണത്തിനായി ഇവർ എന്തിന് തെരഞ്ഞെടുത്തു എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇവരുടെ വിശ്വാസപ്രകാരം ആ സ്ഥലത്തോട് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടാവാം. കഴിഞ്ഞ വർഷം മാർച്ചിൽ നവീനും ദേവിയും അരുണാചൽ പ്രദേശിൽ പോയിട്ടുണ്ട്.