പാലക്കാട്: പാലക്കാട് കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാർക്കെതിരെ പട്ടാമ്പി ജോയിന്‍റ് ആർടിഒ നടപടി തുടങ്ങി. ആദ്യ ഘട്ടത്തിൽ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഇരുവരും വിശദീകരണം നൽകണം. 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം എന്നാണ് നിര്‍ദ്ദേശം. ബസ് ഉടൻ ജോയിന്‍റ് ആർടിഒ ഓഫീസിൽ ഹാജരാക്കാൻ ഉടമയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ബസിൽ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും. സംഭവത്തിന്‍റെ അടിസ്ഥാനത്തിൽ പാലക്കാട് ഗുരുവായൂർ റൂട്ടിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കും.
കൂറ്റനാട് ചാലിശ്ശേരിയിൽ അമിത വേഗത്തിലെത്തിയ ബസ് സാന്ദ്ര തടഞ്ഞിട്ട സംഭവത്തിന് പിന്നാലെ, ഇനിയെന്ത് നടപടിയാകും ഉണ്ടാകുകയെന്ന ചോദ്യമാണ് കേരളം അന്വേഷിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പട്ടാമ്പി ജോയിന്‍റ് ആർടിഒ നടപടി ആരംഭിച്ചത്. അതേസമയം ‘രാജപ്രഭ’ ബസുകളിൽ നിന്ന് നേരത്തേയും മൂന്നോ നാലോ തവണ സമാന അനുഭവം ഉണ്ടായതായി ബസ് തടഞ്ഞിട്ട സാന്ദ്ര വ്യക്തമാക്കിയിരുന്നു. വളവുകളിൽ പോലും ബസ് അമിത വേഗത്തിലാണ് കടന്നുപോകാറുള്ളതെന്ന് നാട്ടുകാരിൽ ചിലരും പറഞ്ഞിരുന്നു. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാൽ നടപടിയുമായി മുന്നോട്ടു പോകാനാണ് മോട്ടാർ വാഹന വകുപ്പിന്റെ തീരുമാനം.